ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ടീമുകള്‍ യുഎഇയില്‍ എത്തിക്കഴിഞ്ഞു. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. സെപ്റ്റംബര്‍ 19 മുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഫ്രാഞ്ചൈസികളിലെ വിദേശ താരങ്ങലും ദുബായില്‍ എത്തികൊണ്ടിരിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലിന് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് മുമ്പാണ് യുഎഇലെത്തുക. ഇരു ടീമുകളും തമ്മില്‍ പരമ്പര നടക്കാനുള്ളതുകൊണ്ടാണിത്. 

ഇതിനിടെ ആരാധകരെ ത്രില്ലടിപ്പിച്ചുകൊണ്ട് മറ്റൊരു വാര്‍ത്തയെത്തി. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഗെയിം ചേഞ്ചേറുമായി എബി ഡിവില്ലിയേഴ്‌സ് യുഎഇയിലെത്തിയെന്നുള്ളതാണ് വാര്‍ത്ത. താരം ഹോട്ടലിലേക്ക് വരുന്ന വീഡിയോ ആര്‍സിബി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. വീണ്ടും ഐപിഎല്ലിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡിവില്ലിയേഴ്‌സ് വീഡിയോയില്‍ പറഞ്ഞു. ഡിവില്ലിയേഴ്‌സിനൊപ്പം സഹതാരങ്ങളായ  ഡെയില്‍ സ്റ്റെയ്ന്‍, ക്രിസ് മോറിസ് എന്നിവരുമുണ്ട്. 

2011 മുതല്‍ ആര്‍സിബിയുടെ നിര്‍ണായക താരമാണ് ഡിവില്ലിയേഴ്‌സ്. സ്‌റ്റെയ്ന്‍ ആവട്ടെ 2008ല്‍ ആര്‍സിബിക്ക് കളിച്ചതാരമാണ്. മോറിസ് ഈ സീസണിലാണ് ആര്‍സിബിലെത്തിയത്. 10 കോടി മുടക്കി ഡല്‍ഹി കാപിറ്റല്‍സില്‍ നിന്നാണ് ആര്‍സിബി താരത്തെ സ്വന്തമാക്കിയത്. ഇന്നലെയാണ് ആര്‍സിബി യുഎഇയിലെത്തിയത്.