തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 മത്സരത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകികൊണ്ടിരിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് ആരാധകരും കാര്യവട്ടത്തുണ്ട്. അതിനപ്പുറത്ത് വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ആരാധകര്‍ മത്സരം കാണാനെത്തുന്നുണ്ട്. എന്നാല്‍ ഏറെ രസകരമായ കാര്യം ധോണി ആരാധകരുടെ സാന്നിധ്യമാണ്.

ലോകകപ്പിന് ശേഷം ധോണി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല. എന്നാല്‍ ആരാധക സംഘം ഇവിടെയുണ്ട്. ധോണിയില്ലാത്ത കളി അദ്ദേഹത്തിന്റെ ആരാധകര്‍ കാണുന്നതിലല്ല അതിശയം. ധോണിയുടെ പടുകൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തിയതിലാണ് അത്ഭുതം. ഏതാണ്ട് മമ്മൂട്ടിയുടെ സിനിമയ്ക്ക് മോഹന്‍ലാലിന്റെ ഫ്‌ളക്‌സ് വച്ചത് പോലെ. 

എന്നാല്‍ അങ്ങനെ അല്ലെന്നും എവിടെ ഇന്ത്യയുടെ കളിയുണ്ടെങ്കിലും ധോണിയാണ് ഹീറോയെന്ന് ആരാധകര്‍ പറയുന്നു. ആള്‍ കേരള ധോണി ഫാന്‍സ് അസോസിയേഷനാണ് ഇത്തരത്തിലൊരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചത്. സംഘടനയുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ആരാധകര്‍ പറയുന്നു. ഇങ്ങനെ ഒരു ആരാധക സംഘം പ്രവര്‍ത്തിക്കുന്ന കാര്യം ധോണിക്ക് അറിയാമെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.