അഭിഷേകിനെ പുറത്താക്കിയ ശേഷം ദിഗ്‌വേഷ് നടത്തിയ ആഘോഷമാണ് വാക്കേറ്റത്തിന് കാരണമായത്.

ലക്‌നൗ: ഐപിഎല്‍ മത്സരത്തിനിടെ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്‌വേഷ് രത്തിയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മയും. ലക്‌നൗവില്‍ മത്സരം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരും വാക്കേറ്റമുണ്ടായത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ 206 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മിച്ചല്‍ മാര്‍ഷ് (39 പന്തില്‍ 65), എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 61) എന്നിവരുടെ ഇന്നിംഗ്സുകളാണ് ലക്നൗവിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍ (26 പന്തില്‍ 45) മികച്ച പ്രകടനം പുറത്തെടുത്തു. റിഷഭ് പന്ത് (7) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഹൈദരാബാദിന് വേണ്ടി ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. 

പിന്നാലെ ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് തുടക്കത്തില്‍ തന്നെ അഥര്‍വ തൈഡേയുടെ (13) വിക്കറ്റ് നഷ്ടമായി. പിന്നീട് അഭിഷേക് - ഇഷാന്‍ കിഷന്‍ സഖ്യം 82 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് അഭിഷേക് പുറത്താവുന്നത്. 20 പന്തില്‍ ആറ് സിക്‌സിന്റേയും നാല് ഫോറിന്റേയും അകമ്പടിയോടെ 59 റണ്‍സാണ് അഭിഷേക് നേടിയത്. 

ദിഗ്‌വേഷിന്റെ പന്തില്‍ ഷാര്‍ദുല്‍ താക്കൂറിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങുന്നത്. ഇതോടെ താരം, അഭിഷേകിനെ നോക്കി നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തി. പുറത്ത് പോവും എന്ന ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. പവലിയനിലേക്ക് നടക്കുന്നതിനിടെ അഭിഷേക് തിരിച്ചുവന്നു. ദിഗ്‌വേഷും ഓടിയെത്തി. പിന്നീട് ഇരുവരും ചൂടേറിയ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അംപയര്‍മാരും സഹതാരങ്ങളും ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

നേരത്തെ, മികച്ച തുടക്കമാണ് ലക്ൗവിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മാര്‍ക്രം - മാര്‍ഷ് സഖ്യം 115 റണ്‍സാണ് ചേര്‍ത്തത്. ഇരുവരും ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ 11-ാം ഓവറില്‍ മാര്‍ഷ് മടങ്ങി. ഹര്‍ഷ് ദുബെയാണ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കിയത്. നാല് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്സ്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ പന്ത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഏഴ് റണ്‍സെടുത്ത താരത്തെ മലിംഗ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. 

പിന്നാലെ മാര്‍ക്രവും മടങ്ങി. നാല് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ക്രമിന്റെ ഇന്നിംഗ്സ്. ഇതിനിടെ ആയുഷ് ബദോനിയും (3) മടങ്ങി. പിന്നീട് പുരാന്റെ ഇന്നിംഗ്സാണ് ലക്നൗവിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അവസാന ഓവറില്‍ പുരാനും ഷാര്‍ദുല്‍ താക്കൂറും (4) റണ്ണൗട്ടായി. അബ്ദുള്‍ സമദ് (3) ബൗള്‍ഡുമായി. ആകാശ് ദീപ് (6), രവി ബിഷ്ണോയ് (0) പുറത്താവാതെ നിന്നു.