ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്ന സൂചനകള്‍ വന്നതോടെ ആരാധകര്‍ നിരാശയിലാണ്. ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം നഷ്ടമാകുന്നതിന്റെ സങ്കടത്തിലാണ് ആരാധകര്‍.
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്ന് സൂചനകള്‍ വന്നതോടെ ആരാധകര്‍ നിരാശയിലാണ്. ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം നഷ്ടമാകുന്നതിന്റെ സങ്കടത്തിലാണ് ആരാധകരെങ്കില്‍ ഇന്ത്യയില്ലാതെ മത്സരം നടത്തിയാലുള്ള വരുമാന നഷ്ടമാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ആശങ്ക. ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്ത ഇന്ത്യയാണ് നിലവില്‍ ഏഷ്യാ കപ്പ് ചാംപ്യന്‍മാര്‍. അടുത്ത ടൂര്‍ണണെന്റ് ട്വന്റി 20 ഫോര്‍മാറ്റില്‍ സെപ്റ്റംപറില്‍ നടക്കാനിരിക്കെയാണ് പുതിയ പ്രതിസന്ധി. ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യ.
ആതിഥേയര്‍ പിന്മാറിയാല്‍ ടൂര്‍ണമെന്റ് ആകെ പ്രതിസന്ധിയിലാകുമെന്നുറപ്പ്. ടൂര്‍ണമെന്റിനു കൂടുതല്‍ കാഴ്ചക്കാരുള്ളതും കൂടുതല്‍ സ്‌പോണ്‍സര്‍മാരുള്ളതും ഇന്ത്യയില്‍നിന്നാണ്. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനു നേരിടേണ്ടിവരും. മറ്റൊരു രാജ്യത്തേക്ക് മാറ്റിയാലും ഇന്ത്യ കളിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റിന് നഷ്ടം തന്നെ. ലോകത്ത് ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള മത്സരങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍. ഇന്ത്യയുടെ പിന്‍മാറ്റത്തിലൂടെ പാക്കിസ്ഥാനുള്‍പ്പടെയുള്ള മറ്റു ടീമുകളുടെ വരുമാനത്തിലും വന്‍ നഷ്ടം വരും. മാത്രമല്ല, ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടവും ഇല്ലാതാകും.
പിന്മാറാനുള്ള തീരുമാനവുമായി ഇന്ത്യ മുന്നോട്ട് പോയാല്‍ ഐസിസി ടൂര്‍ണമെന്റുകളിലേക്ക് മാത്രമായി ഇന്ത്യ - പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ ചുരുങ്ങുമെന്ന് സാരം. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പടെ എട്ട് ടീമുകളാണ് ഏഷ്യാ കപ്പില്‍ മത്സരിക്കാനിറങ്ങുക. ഇക്കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യന്‍ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലിലായിരുന്നു. ഫൈനലിലേക്ക് ഇന്ത്യ എത്തിയതോടെ ദുബായ് ഫൈനലിന് വേദിയായി.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള എല്ലാവിധ സഹകരണവും ഇന്ത്യ അവസാനിപ്പിച്ചിരിക്കുകയാണ്. ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നിലവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇനി ഐസിസി, എസിസി ടൂര്‍ണമെന്റുകളിലും പാകിസ്ഥാനുമായി മത്സരിക്കാന്‍ തയ്യാറല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 2012-13ലാണ് അവസാനമായി ഇന്ത്യ - പാകിസ്ഥാന്‍ ദ്വിരാഷ്ട്ര പരമ്പര നടന്നത്. ഇതിന് ശേഷം ഏഷ്യാ കപ്പിലും ഐസിസി ടൂര്‍ണമെന്റുകളിലും മാത്രമാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത്. ഇന്ത്യയുടെ നിസ്സഹകരണം ലോക ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുന്ന രീതിയിലേയ്ക്ക് പോലും കാര്യങ്ങളെ കൊണ്ടെത്തിച്ചേക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.



