13-ാം ഓവറിലാണ് സംഭവം. ഹാര്‍ദിക്ക് എറിഞ്ഞ ഓവറിന്റെ രണ്ടും മൂന്നും പന്തില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയന്‍ വില്യംസണ്‍ സിക്‌സുകള്‍ നേടിയിരുന്നു.
മുംബൈ: ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്രിക്കറ്റ് ആരാധകരുടെ പൊങ്കാല. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കാണിച്ച ചൂടന്‍ സ്വഭാവത്തിനാണ് ക്രിക്കറ്റ് ലോകം ഹാര്‍ദിക്കിന് നേരെ തിരിഞ്ഞത്. ഹൈദരാബാദിനെതിരെ ഗുജറാത്ത് എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അവരുടെ ആദ്യ തോല്‍വിയായിരുന്നു ഇത്. മത്സരത്തില്‍ ഒന്നാകെ ഹാര്‍ദിക് തന്റെ ചൂടന്‍ മുഖം കാണിച്ചിരുന്നു.
ഇതില്‍ പ്രധാനം ഇന്ത്യന്‍ സീനിയര്‍ താരം മുഹമ്മദ് ഷമിയോട് ക്രുദ്ധനായി സംസാരിച്ചതാണ്. 13-ാം ഓവറിലാണ് സംഭവം. ഹാര്‍ദിക്ക് എറിഞ്ഞ ഓവറിന്റെ രണ്ടും മൂന്നും പന്തില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയന്‍ വില്യംസണ്‍ സിക്‌സുകള്‍ നേടിയിരുന്നു.
പിന്നീട് അവസാന പന്ത് നേരിട്ടത് രാഹുല്‍ ത്രിപാഠിയായിരുന്നു. ത്രിപാടി ഹാര്‍ദിക്കിന്റെ ബൗണ്‍സറില്‍ ഒരു അപ്പര്‍ കട്ടിന് ശ്രമിച്ചു. എന്നാല്‍ തേര്‍ഡ് മാനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഷമിയുടെ തൊട്ടുമുന്നിലാണ് പന്ത് ചെന്നുപതിച്ചത്.
ഷമിക്ക് ക്യാച്ച് എടുക്കാമായിരുന്നു എന്നാണ് ഹാര്‍ദിക്കിന്റെ വാദം. എന്നാല്‍ ക്യാച്ചെടുക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യമായിരുന്നത്. മാത്രമല്ല, ശ്രമിച്ച് പരാജയപ്പെട്ടാല്‍ പന്ത് ബൗണ്ടറി പോവാനും സാധ്യതയേറെയാണ്.
അതുകൊണ്ടുതന്നെ ഷമി ബൗണ്ടറി തടയാനാണ് ശ്രമിച്ചത്. എന്നാല്‍ ഹാര്‍ദിക്കിന് അതത്ര പിടിച്ചില്ല. ക്യാച്ചിന് ശ്രമിക്കായിരുന്നുവെന്ന് ഹാര്‍ദിക് ആക്രോശിക്കുന്നുണ്ടായിരുന്നു. ഈ സംഭവം മാത്രമല്ല, പഞ്ചാബിനെതിരായ മത്സരത്തില്‍ റണ്ണൗട്ടായതിന് സീനിയര്‍ താരം ഡേവിഡ് മില്ലറേയും ഹാര്‍ദിക് ചീത്ത വിളിക്കുണ്ടായിരുന്നു.
സഹതാരങ്ങളുടെ ആത്മവിശ്വാസം കളയുന്ന ഒരു നായകന്‍ ഒരിക്കലും നല്ല ക്യാപ്റ്റനല്ലെന്നാണ് സോഷ്യല്‍ മീഡിയ വാദിക്കുന്നത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. 50 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗില്‍ ഹൈദരാബാദ് 19.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (46 പന്തില്‍ 57), അഭിഷേക് ശര്‍മ (32 പന്തില്‍ 42), നിക്കോളാസ് പുരാന്‍ (18 പന്തില്‍ 34) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്.
