ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും അഞ്ച് ഫോറുമാണ് ഉണ്ടായിരുന്നത്.

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണറായെത്തിയ സഞ്ജു സാംസണ്‍ (29) മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും 29 റണ്‍സെടുത്തു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും അഞ്ച് ഫോറുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 12-ാം ഓവറില്‍ ടസ്‌കിന്‍ അഹമ്മദിനെതിരെ നേടിയ ഒരു ബൗണ്ടറിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. അനായാസമെന്ന് കാണുന്നവര്‍ക്ക് തോന്നിക്കുന്ന തീരിയിലായിരുന്നു ഹാര്‍ദിക്കിന്റെ ഷോട്ട്. ആത്മവിശ്വാസവും സ്വാഗും ആറ്റിറ്റിയൂഡുമെല്ലാം നിറഞ്ഞ ഒരു നോ ലുക്ക് അപ്പര്‍കട്ട്. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ സഞ്ജു - അഭിഷേക് ശര്‍മ (16) സഖ്യം 25 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അഭിഷേക് റണ്ണൗട്ടായി. മൂന്നാമതെത്തിയ സൂര്യ വേഗത്തില്‍ റണ്‍സുയര്‍ത്തി. സഞ്ജുവിനൊപ്പം 40 റണ്‍സാണ് സൂര്യ ചേര്‍ത്തത്. 14 പന്തുകള്‍ മാത്രം നേരിട്ട സൂര്യ മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. എന്നാല്‍ ആറാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. 

പാകിസ്ഥാനെതിരെ വിജയറണ്‍ വയനാട്ടുകാരി സജനയുടെ ബാറ്റില്‍ നിന്ന്! ലോകകപ്പ് അരങ്ങേറ്റം കളറാക്കി താരം -വീഡിയോ

എട്ടാം ഓവറിലാണ് സഞ്ജു മടങ്ങുന്നത്. മെഹിദി ഹസന്‍ മിറാസിനെ കൂറ്റനടിക്ക് ശ്രമിച്ച് റിഷാദ് ഹുസൈന്‍ ക്യാച്ച് നല്‍കുയായിരുന്നു സഞ്ജു. 19 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. സഞ്ജു മടങ്ങിയെങ്കിലും നിതീഷ് റെഡ്ഡിയെ (15 പന്തില്‍ 16) കൂട്ടുപിടിച്ച് ഹാര്‍ദിക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.