ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. ജസ്പ്രിത് ബുമ്രയുടെ മികച്ച യോര്‍ക്കറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്തായത് മത്സരത്തിന്റെ ഗതി മാറ്റി.

മൊഹാലി: ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തതോടെ മുംബൈ ഇന്ത്യന്‍ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. 20 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാണ് സാധിച്ചത്. നാളെ നടക്കുന്ന ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സാണ് മുംബൈയുടെ എതിരാളി.

മത്സരത്തില്‍ മോശം തുടക്കമായിരുന്നു ഗുജറാത്തിന്. സ്‌കോര്‍ബോര്‍ഡില്‍ 67 റണ്‍സുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്‍ (1), കുശാല്‍ മെന്‍ഡിസ് (20) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് വാഷിംഗ്ടണ്‍ സുന്ദര്‍ (48) - സായ് സുദര്‍ശന്‍ (80) എന്നിവരാണ് ഗുജറാത്തിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ട്. ഈ സഖ്യം ഗുജറാത്തിന് പ്രതീക്ഷയും നല്‍കിയിരുന്നു.

13ാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഗുജറാത്തിന്റെ സ്‌കോര്‍ബോര്‍ഡില്‍ 148 റണ്‍സ്. പിന്നീട് ജയിക്കാന്‍ വേണ്ടിയിരുന്നത് 42 പന്തുകളില്‍ നിന്ന് 80 റണ്‍സ്. ഗുജറാത്തിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. 13ാം ഓവറില്‍ ബോള്‍ട്ടിനെതിരെ അവസാന മൂന്ന് പന്തുകളില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും പറത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ കടുത്ത ആത്മവിശ്വാസത്തിലുമായിരുന്നു. അപ്പോഴാണ് ജസ്പ്രിത് ബുമ്ര രണ്ടാം സ്‌പെല്ലിനായി അവതരിച്ചത്. ആദ്യ മൂന്ന് പന്തിലും ഓരോ റണ്‍ വീതം. നാലാം പന്ത് കഴിയുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നിലതെറ്റി ക്രീസില്‍ വീണുകിടക്കുന്നതാണ് കണ്ടത്. മത്സരത്തിന്റെ തന്നെ ഗതി മാറ്റിയ ഒരു തകര്‍പ്പന്‍ യോര്‍ക്കര്‍. വീഡിയോ കാണാം...

Scroll to load tweet…

24 പന്തില്‍ 5 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 48 റണ്‍സ് നേടിയ ശേഷമാണ് വാഷിംഗ്ടണ്‍ സുന്ദര്‍ മടങ്ങിയത്. വെറും 4 റണ്‍സ് മാത്രം വഴങ്ങി നിര്‍ണായക വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ ഓവര്‍ മുംബൈയെ മത്സരത്തിലേയ്ക്ക് തിരികെയെത്തിച്ചു. അവസാന 6 ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ 77 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ഷെര്‍ഫേല്‍ റൂഥര്‍ഫോര്‍ഡും വേഗത്തില്‍ സ്‌കോര്‍ ചെയ്തതോടെ ഗുജറാത്ത് വിജയം സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, ആ സ്വപ്നങ്ങള്‍ക്ക് ഏതാനും പന്തുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

16ാം ഓവറില്‍ സായ് സുദര്‍ശനെ ക്ലീന്‍ ബൗള്‍ഡാക്കി ഗ്ലീസണ്‍ മുംബൈയെ വീണ്ടും മുന്നിലെത്തിച്ചു. 49 പന്തുകള്‍ നേരിട്ട സായ് സുദര്‍ശന്‍ 10 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 80 റണ്‍സ് നേടിയാണ് മടങ്ങിയത്. അവസാന 3 ഓവറിലേയ്ക്ക് മത്സരം ചുരുങ്ങിയപ്പോള്‍ ഗുജറാത്തിന് ജയിക്കാന്‍ 45 റണ്‍സ് കൂടിയാണ് വേണ്ടിയിരുന്നത്. നിര്‍ണായകമായ 18-ാം ഓവറില്‍ 9 റണ്‍സ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. 19-ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ റൂഥര്‍ഫോര്‍ഡിനെ പുറത്താക്കി ബോള്‍ട്ട് ഗുജറാത്തിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. അവസാന ഓവറില്‍ 24 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റ് വീശിയ ഗുജറാത്തിന് പക്ഷേ വെറും 3 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.