മാഞ്ചസ്റ്റര്‍: അടുത്തകാലത്തായി ബാറ്റുകൊണ്ട് മോശം പ്രകടനമാണ് ജോ റൂട്ട് പുറത്തെടുക്കുന്നത്. ടെസ്റ്റ് ആയാലും നിശ്ചിത ഓവര്‍ ക്രിക്കറ്റായാലും അങ്ങനെതന്നെ. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ റൂട്ട് പൂജ്യത്തിന് പുറത്തായി. നേരിട്ട ആദ്യ പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് റൂട്ടിനെ പുറത്താക്കുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായതെന്ന് ഓര്‍ക്കണം.

എന്നാല്‍ ഇതേ മത്സരത്തില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ റൂട്ട് എറിഞ്ഞ ഇന്നത്തെ പന്താണ് ചര്‍ച്ചാവിഷയം. 11ാം ഓവറിലെ അഞ്ചാം പന്താണ് വാര്‍ണറുടെ വിക്കറ്റ് പിഴുതത്. 32 പന്തില്‍ 24 റണ്‍സെടുത്തിരിക്കെയാണ് വാര്‍ണര്‍ പുറത്തായത്. വലങ്കയ്യന്‍ സ്പിന്നറായ റൂട്ടിന്റെ പന്ത് വാര്‍ണറുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. വാര്‍ണറുടെ വിക്കറ്റെടുത്ത റൂട്ടിന്റെ പന്ത് കാണാം.

ഇംഗ്ലണ്ടിനെതിരെ വിജയലക്ഷ്യമായ 303നെതിരെ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 21 ഓവറില്‍ അഞ്ച് വിക്കറ്റിന് 100 എന്ന നിലയിലാണ്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇരുവരും ഓരോ മത്സരം വീതം ജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം.