ഡിഎസ്പി കലിപ്പന്‍ സിറാജ്! ലബുഷെയ്‌നിനെ നേര്‍ക്ക് അനാവശ്യമായി പന്ത് വലിച്ചെറിഞ്ഞ് താരം, വിമര്‍ശനം

സിറാജ് പന്തെറിയാന്‍ വരുന്നതിനിടെ സൈറ്റ് സ്‌ക്രീനിന് മുന്നിലൂടെ ഒരാള്‍ നടന്ന് നീങ്ങിയതോടെയാണ് ലബുഷെന്‍ പിന്മാറിയത്.

watch video mohammed siraj throws ball towards marnus labuschagne

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മര്‍നസ് ലബുഷെയ്‌നിന് നേരെ പന്ത് വലിച്ചെറിഞ്ഞ് മുഹമ്മദ് സിറാജ്. പന്തെറിയാന്‍ ഓടിവരുന്നതിനിടെ ലബുഷെയ്ന്‍ ക്രീസില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ സിറാജിന് രോഷം നിയന്ത്രിക്കാനായില്ല. പിന്നാലെ താരം ലബുഷെയ്‌നിന് നേരെ പന്ത് വലിച്ചെറിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് സിറാജിനെതിരെ കടുത്ത വിമര്‍ശനങ്ങളും വന്നു.

സിറാജ് പന്തെറിയാന്‍ വരുന്നതിനിടെ സൈറ്റ് സ്‌ക്രീനിന് മുന്നിലൂടെ ഒരാള്‍ നടന്ന് നീങ്ങിയതോടെയാണ് ലബുഷെന്‍ പിന്മാറിയത്. അത് ലബുഷെയ്‌നിന്റെ കാഴ്ച്ചയേയും ഏകാഗ്രതയേയും ബാധിച്ചു. തുടര്‍ന്നായിരുന്നു പിന്മാറ്റം. ഇതു വിശദീകരിക്കാന്‍ ഓസ്‌ട്രേലിയന്‍ താരം ശ്രമിക്കുന്നുണ്ടെങ്കിലും സിറാജ് രോഷത്തോടെ പ്രതികരിക്കുകയായിരുന്നു. ഓസീസ് ഇന്നിങ്‌സിന്റെ 25ാം ഓവറിലായിരുന്നു സംഭവം. വീഡിയോ കാണാം... 

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക് നീങ്ങുകയാണ് ഓസ്‌ട്രേലിയ. അഡ്‌ലെയ്ഡില്‍ പകല്‍-രാത്രി ടെസ്റ്റില്‍ നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 180ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്. 

ഉസ്മാന്‍ ഖവാജയുടെ (13) വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ തന്നെ പന്തില്‍ സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങുന്നത്. മര്‍നസ് ലബുഷെയ്‌നൊപ്പം (20) നതാന്‍ മക്‌സ്വീനി (38) ക്രീസിലുണ്ട്. നേരത്തെ, നിതീഷ് റെഡ്ഡിക്ക് പുറമെ കെ എല്‍ രാഹുല്‍ (37), ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (21), ആര്‍ അശ്വിന്‍ (22) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ രണ്ടക്കം കാണാനായത്. യശസ്വി ജയ്‌സ്വാള്‍ (0), വിരാട് കോലി (7), രോഹിത് ശര്‍മ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഹര്‍ഷിത് റാണ (0), ജസ്പ്രിത് ബുമ്ര (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു.

Latest Videos
Follow Us:
Download App:
  • android
  • ios