ക്യാപ്റ്റന്‍ കൂടിയായി റുതുരാജിന്റെ കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സാണ് മഹാരാഷ്ട്ര നേടിയത്. ഓപ്പണറായി ഇറങ്ങിയ താരം അവസാനം വരെ പിടിച്ചുനില്‍ക്കുകയായിരുന്നു.

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരെ മഹാരാഷ്ട്ര താരം റുതുരാജ് ഗെയ്കവാദ് 220 റണ്‍സ് നേടിയിരുന്നു. ഒരോവറില്‍ ഏഴ് സിക്‌സ് നേടിയെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിലെ മറ്റൊരു പ്രത്യേകത. ശിവ സിംഗിന്റെ ഒരോവറില്‍ ഏഴ് സിക്സുകളോടെ 43 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണറായിറങ്ങിയ റുതുരാജ് 159 പന്തില്‍ 16 സിക്‌സിന്റേയും 10 ഫോറിന്റേയും സഹായത്തോടെയാണ് ഇത്രയും റണ്‍സെടുത്തത്.

ക്യാപ്റ്റന്‍ കൂടിയായി റുതുരാജിന്റെ കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സാണ് മഹാരാഷ്ട്ര നേടിയത്. ഓപ്പണറായി ഇറങ്ങിയ താരം അവസാനം വരെ പിടിച്ചുനില്‍ക്കുകയായിരുന്നു. 49-ാം ഓവറിലാണ് റുതുരാജ് ഏഴ് സിക്സുകള്‍ നേടിയത്. 43 റണ്‍സ് താരം അടിച്ചുകൂട്ടിയത്. ശിവയുടെ ഒരു പന്ത് നോബോളായിരുന്നു. വീഡിയോ കാണാം... 

Scroll to load tweet…

മത്സരത്തില്‍ മഹാരാഷ്ട്ര 58 റണ്‍സിന് ജയിച്ചിരുന്നു. സഹ ഓപ്പണര്‍ രാഹുല്‍ ത്രിപാഠി (23 പന്തില്‍ 9), സത്യജീത്ത് ബച്ചവ് (11), അന്‍കിത് ബവ്നെ (37), അസീം കാസി (37), ദിവ്യാങ് ഹിങ്നേക്കര്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായിരുന്നത്. ഉത്തര്‍ പ്രദേശിനായി കാര്‍ത്തിക് ത്യാഗി 66ന് മൂന്ന് വിക്കറ്റ് വീഴ്ത്തി. അങ്കിത് രജ്പുത്, ശിവം ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. റുതുരാജിന്റെ ബാറ്റിംഗ് ചൂട് നന്നായി അറിഞ്ഞ ശിവ സിംഗ് 9 ഓവറില്‍ 88 റണ്‍സ് വഴങ്ങി.

മറുപടി ബാറ്റിംഗില്‍ ഉത്തര്‍ പ്രദേശ് 47.4 ഓവറില്‍ 272ന് എല്ലാവരും പുറത്തായി. ആര്യന്‍ ജുയല്‍ (143 പന്തില്‍ 159) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ന്നാല്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. 33 റണ്‍സെടുത്ത ശിവം ശര്‍മയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. മഹാരാഷ്ട്രയ്ക്ക് വേണ്ടി ഹംഗര്‍ഗേക്കര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ബച്ചവ്, കാസി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ മഹാരാഷ്ട്ര സെമിയിലെത്തി. ബുധനാഴ്ച്ച നടക്കുന്ന സെമിയില്‍ അസമിനെയാണ് മഹാരാഷ്ട്ര നേരിടുക. മറ്റൊരു സെമിയില്‍ കര്‍ണാടക, സൗരാഷ്ട്രയ്‌ക്കെതിരെ കളിക്കും.