Asianet News MalayalamAsianet News Malayalam

ഇന്‍സ്വിങര്‍, യോര്‍ക്കര്‍, ഒരു റണ്ണൗട്ട്; ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കളം നിറഞ്ഞ് ശ്രീശാന്ത്- വീഡിയോ

മത്സരത്തിനിടെ ഗുജറാത്ത് ജയന്റ്സിന്റെ തിലകരത്നെ ദില്‍ഷനെതിരായ ശ്രീശാന്തിന്റെ ഇന്‍സ്വിങ്ങറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മത്സരത്തിന്റെ ഒന്‍പതാം ഓവറിലാണ് സംഭവം.

Watch video S Sreesnath inswinger to out Tillakaratne Dilshan
Author
First Published Oct 4, 2022, 2:47 PM IST

ജോധ്പൂര്‍: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ ബൗളിംഗുമായി മലയാളി താരം എസ് ശ്രീശാന്ത്. ബില്‍വാര കിംഗ്‌സ് ബൗളറായ ശ്രീശാന്ത് ഗുജറാത്ത് ജയന്റ്‌സിനെതിരായ എലിമിനേറ്ററില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരു റണ്ണൗട്ടും ശ്രീശാന്ത് സ്വന്തമാക്കി. ദില്‍ഷന്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരുടെ വിക്കറ്റാണ് ശ്രീശാന്ത് നേടിയത്. നാല് ഓറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് ശ്രീശാന്ത് രണ്ട് വിക്കറ്റ് നേടിയത്. ആറ് വിക്കറ്റ് വിജയത്തോടെ ബില്‍വാര കിംഗ്‌സ് ഫൈനലിലേക്ക് മുന്നേറി. 

മത്സരത്തിനിടെ ഗുജറാത്ത് ജയന്റ്സിന്റെ തിലകരത്നെ ദില്‍ഷനെതിരായ ശ്രീശാന്തിന്റെ ഇന്‍സ്വിങ്ങറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മത്സരത്തിന്റെ ഒന്‍പതാം ഓവറിലാണ് സംഭവം. ശ്രീശാന്തിന്റെ അഞ്ചാം പന്ത് ബൗണ്ടറി കടത്തി ദില്‍ഷന്‍ സ്‌കോര്‍ ഉയര്‍ത്തി. 36 റണ്‍സാണ് അപ്പോള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. അടുത്ത പന്തില്‍ ശ്രീയുടെ ഇന്‍സ്വിങ്ങര്‍. കുത്തിയുയര്‍ന്ന് പന്ത് ദില്‍ഷന്റെ ഓഫ്സ്റ്റംപ് തെറിപ്പിച്ചു. നാല്‍പ്പതാം വയസ്സിലും അനായാസം പേസും സ്വിങ്ങും കണ്ടെത്തുന്ന ശ്രീശാന്തിനെ പുകഴ്ത്തി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. വീഡിയോ കാണാം...

അവിടെയും തീര്‍ന്നില്ല. പിന്നീട് സ്റ്റുവര്‍ട്ട് ബിന്നിയെ ഒരു കിടിലന്‍ യോര്‍ക്കറിലൂടെ ബൗള്‍ഡാക്കാനും ശ്രീശാന്തിനായി. ഇന്നിങ്സിലെ അവസാന ഓവറില്‍ ശ്രീശാന്തിന്റെ മികച്ച ഫീല്‍ഡിങ്ങിനും ജോധ്പുര്‍ സാക്ഷിയായി. റയാഡ് എംറിറ്റിനെതിരേ ശ്രീശാന്ത് മികച്ച ഒരു യോര്‍ക്കറെറിഞ്ഞു. വീഡിയോ കാണാം...

പന്ത് ഒരുവിധം തട്ടിയ എംറിറ്റ് റണ്‍സെടുക്കാന്‍ ശ്രമിച്ചെങ്കിലും മികച്ച ഡൈവിലൂടെ പന്ത് സ്വന്തമാക്കിയ ശ്രീശാന്ത് താരത്തെ റണ്‍ ഔട്ടാക്കി. മത്സരത്തില്‍ നാലോവര്‍ ചെയ്ത ശ്രീശാന്ത് വെറും 28 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റെടുത്ത് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫൈനലില്‍ ഇന്ത്യ ക്യാപിറ്റല്‍സാണ് ഭില്‍വാര കിങ്സിന്റെ എതിരാളി.
 

Follow Us:
Download App:
  • android
  • ios