ബാബറിനെ പരിഹസിച്ചുകൊണ്ട് സിംബാബ്‌വെ മര്‍ദ്ദകന്‍ എന്നൊക്കെ വിളിക്കാറുണ്ട്.

മുള്‍ട്ടാന്‍: പാകിസ്ഥാന്‍ ടീമില്‍ തമ്മിലടിയെന്ന ആരോപണം ശക്തമാവുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ നാണംകെട്ട് തോറ്റിരുന്നു. മത്സരത്തിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി അപമാനിച്ചതായിട്ടാണ് പുതിയ ആരോപണം. അടുത്ത കാലത്തായി മോശം ഫോമിലാണ് ബാബര്‍. 2022ലാണ് ബാബര്‍ അസം ടെസ്റ്റില്‍ അവസാനമായി സെഞ്ച്വറി നേടിയിരുന്നത്.

ബാബറിനെ പരിഹസിച്ചുകൊണ്ട് സിംബാബ്‌വെ മര്‍ദ്ദകന്‍ എന്നൊക്കെ വിളിക്കാറുണ്ട്. ചെറിയ ടീമുകള്‍ക്കെതിരെ സ്ഥിരമായി സ്‌കോര്‍ ചെയ്യുകയും വലിയ ടീമുകള്‍ക്കെതിരെ പരാജയപ്പെടുകയും ചെയ്യുമ്പോഴാണ് താരത്തെ പലരും പരിഹസിക്കാറ്. 'സിംബാബര്‍, സിംബു' എന്നൊക്കെ ബാബറിനെ കളിയാക്കാറുണ്ട്. പുറത്തുള്ളവര്‍ ഇങ്ങനെ വിളിക്കാറുണ്ടെങ്കിലും ടീമിനകത്തെ താരങ്ങളൊന്നും അതിന് മുതിരാറില്ല. എന്നാല്‍ പേസര്‍ ഷഹീന്‍ അഫ്രീദി അത്തരത്തില്‍ വിളിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം. അഫ്രീദി പല തവണ 'സിംബു സിംബു' എന്നു വിളിച്ചു പറഞ്ഞതാണ് വിവാദത്തിനു വഴി തുറന്നത്. വീഡിയോ കാണാം...

Scroll to load tweet…

നേരത്തെ തന്നെ നായകസ്ഥാനവുമായും മറ്റും ബന്ധപ്പെട്ട് ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയുമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും 30,5 എന്നിങ്ങനെയായിരുന്നു ബാബറിന്റെ സ്‌കോറുകള്‍. ബാബര്‍ ഉള്‍പ്പെടെയുള്ളവര്‍ മോശം പ്രകടനം പുറത്തെടുത്തപ്പോള്‍ മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ഇന്നിംഗ്‌സ് തോല്‍വിയേറ്റുവാങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 556 റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ ഇന്നിംഗ്‌സിനും 47 റണ്‍സിനും തോറ്റു. 

ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒന്നാം ഇന്നിംഗ്‌സില്‍ 500ന് മുകളില്‍ റണ്‍സടിച്ചിട്ടും ഒരു ടീം ഇന്നിംഗ്‌സ് തോല്‍വി വഴങ്ങുന്നത്. ഇംഗ്ലണ്ടിനായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഹാരി ബ്രൂക്കാണ് കളിയിലെ താരം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് 15 മുതല്‍ ഇതേ വേദിയില്‍ നടക്കും. സ്‌കോര്‍ പാകിസ്ഥാന്‍ 556, 220, ഇംഗ്ലണ്ട് 823-7.