10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഓസീസിനെ തകര്‍ത്തത്. അപകടകാരികളായ സ്റ്റീവന്‍ സ്മിത്ത് (46), മര്‍നസ് ലബുഷെയ്ന്‍ (27), അലക്‌സ് ക്യാരി (0) എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്.
ചെന്നൈ: ഏകദിന ലോകകപ്പ് തുടങ്ങുന്നതിന് മുമ്പുവരെ വിമര്‍ശനങ്ങളുടെ മധ്യത്തിലായിരുന്നു രവീന്ദ്ര ജഡേജ. അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം താഴേക്ക് പോയെന്ന് മാത്രമല്ല, പന്തെറിയുമ്പോള്‍ വിക്കറ്റെടുക്കുന്നതില്‍ അദ്ദേഹം പരാജയമാവുകയും ചെയ്തു. ഇതോടെ ലോകകപ്പ് ടീമില്‍ അദ്ദേഹം സ്ഥാനമര്‍ഹിക്കുന്നില്ലെന്നുള്ള രീതിയിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ അതിനെല്ലാമുള്ള മറുപടിയായിരുന്നു ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരായ പ്രകടനം.
10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഓസീസിനെ തകര്‍ത്തത്. അപകടകാരികളായ സ്റ്റീവന്‍ സ്മിത്ത് (46), മര്‍നസ് ലബുഷെയ്ന്‍ (27), അലക്‌സ് ക്യാരി (0) എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. ഇതില്‍ സ്മിത്തിന്റെ വിക്കറ്റാണ് എടുത്തുപറയേണ്ടത്. ജഡേജയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു സ്മിത്ത്. ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി പന്ത് സ്മിത്ത് പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുത്തിതിരിഞ്ഞ പന്ത് സ്മിത്തിന്റെ ഓഫ്സ്റ്റംപെടുത്തു. സ്മിത്ത് പുറത്തായ പന്ത് വിരാട് കോലിക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. വീഡിയോ കാണാം...
അതേസമയം, ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്തായി. സ്മിത്തിന് പുറമെ ഡേവിഡ് വാര്‍ണര്‍ (41) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ജഡേജയ്ക്ക് പുറമെ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. അത്ര നല്ലതായിരുന്നില്ല ഓസീസിന്റെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ (0) നഷ്ടമായി. ബുമ്രയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച്. പിന്നീട് മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ - സ്മിത്ത് സഖ്യം 69 കൂട്ടിചേര്‍ത്തു. എന്നാല്‍ വാര്‍ണറെ റിട്ടേണ്‍ ക്യാച്ചിലൂടെ കുല്‍ദീപ് മടക്കി.
പിന്നീടാണ് ജഡേജ പന്തെറിയാനെത്തിയത്. വിലപ്പെട്ട മൂന്ന് വിക്കറ്റുകള്‍ താരം സ്വന്തമാക്കി. സ്മിത്തിനെ ബൗള്‍ഡാക്കിയായിരുന്നു തുടക്കം. പിന്നാലെ മര്‍നസ് ലബുഷെയ്‌നെ (27) വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. അതേ ഓവറില്‍ അലക്‌സ് ക്യാരിയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി മൂന്ന് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇതിനിടെ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ കുല്‍ദീപ് ബൗള്‍ഡാക്കി.
കാമറൂണ്‍ ഗ്രീന്‍ (8) അശ്വിന്‍ മുന്നില്‍ കീഴടങ്ങിയപ്പോല്‍ കമ്മിന്‍സിനെ (15) ബുമ്ര മടക്കി. ആഡം സാംപ (6) ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മിഡ് ഓഫില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ (28) റണ്‍സാണ് ഓസീസിനെ 200ന് അടുത്തെത്തിച്ചത്. സ്റ്റാര്‍ക്കിനെ അവസാന ഓവറില്‍ സിറാജ് മടക്കി. ജോഷ് ഹേസല്‍വുഡ് (1) പുറത്താവാതെ നിന്നു.

