വിരമിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷവും സച്ചിന്‍റെ ക്ലാസിന് മങ്ങലേറ്റിട്ടില്ലെന്ന് ഈ ദൃശ്യങ്ങള്‍ സാക്ഷ്യം
ഡെറാഡൂൺ: ക്രിക്കറ്റ് ചരിത്രത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുണ്ടാക്കിയ ഓളമൊന്നും മറ്റാരും ഉണ്ടാക്കിയിട്ടുണ്ടാവില്ല. തന്‍റെ 24 വര്‍ഷം നീണ്ട കരിയറില്‍ സ്വതസിദ്ധമായ സ്ട്രൈറ്റ് ഡ്രൈവുകള്‍ പോലെ അത്ര സുന്ദരമായിരുന്നു അദ്ദേഹത്തിന്‍റെ ബാറ്റിംഗ്. അങ്ങനെയൊരു വിന്‍റേജ് സച്ചിനെ ഇപ്പോള്‍ കാണാനായാലും ആരാധകര്‍ കസേരയില്‍ നിന്നെണീറ്റ് കയ്യടിക്കും. റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിൽ ഇന്ത്യ ലെജന്‍ഡ്‌സ് ക്യാപ്റ്റന്‍റെ ബാറ്റില്‍ നിന്ന് ഇത്തരമൊരു കാഴ്‌ച കണ്ടു.
റോഡ് സേഫ്റ്റി സീരിസിൽ ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെതിരെ 20 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സറും സഹിതം 40 റണ്‍സുമായി പ്രതാപകാലം ഓര്‍മ്മിപ്പിക്കുകയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍. വിരമിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷവും സച്ചിന്‍റെ ക്ലാസിന് മങ്ങലേറ്റിട്ടില്ലെന്ന് ഈ ദൃശ്യങ്ങള്‍ സാക്ഷ്യം. സച്ചിന്‍ ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെതിരെ പറത്തിയ സിക്‌സര്‍ ആരാധകര്‍ വൈറലാക്കിയിരിക്കുകയാണ്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബാറ്റ് കൊണ്ട് അരങ്ങുവാണപ്പോള്‍ റോഡ് സേഫ്റ്റി സീരിസിൽ ഇംഗ്ലണ്ട് ലെജൻഡ്സിനെതിരെ ഇന്ത്യ ലെജൻഡ്സ് 40 റൺസിന്‍റെ ജയം സ്വന്തമാക്കി. 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 130 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സച്ചിനും യുവ്‍രാജ് സിംഗും വമ്പനടികളുമായി കളംനിറയുകയായിരുന്നു. സച്ചിൻ 20 പന്തിൽ 40 റൺസെടുത്തു. യുവ്‍രാജ് സിംഗ് 15 പന്തിൽ പുറത്താകാതെ 31 റൺസെടുത്തു. യൂസഫ് പത്താന്‍ 27 ഉം നമാന്‍ ഓജ 20 ഉം റണ്‍സെടുത്തു.
മറുപടി ബാറ്റിംഗില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ രാജേഷ് പവാറും ഓരോ വിക്കറ്റുമായി സ്റ്റുവര്‍ട്ട് ബിന്നിയും പ്രഗ്യാന്‍ ഓജയും മന്‍പ്രീത് ഗോണിയും ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കുകയായിരുന്നു.
തലയ്ക്ക് മുകളില്‍ മഴ ഭീഷണി, തലപുകഞ്ഞ് രോഹിത് ശര്‍മ്മ; ആശങ്കയായി നാഗ്‌പൂരിലെ കാലാവസ്ഥാ പ്രവചനം
