ലീഡ്‌സില്‍ നടന്ന മൂന്നാം മത്സരത്തില്‍ റൂട്ടിന്റെ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരം കഴിഞ്ഞ് പരസ്പരം കൈകൊടുത്ത് പിരിയാന്‍ സമയത്ത് റൂട്ട് ഓടിച്ചെന്ന് ഒരു സ്റ്റംപ് പിഴുതെടുത്ത് മിച്ചലിന് നല്‍കുകയായിരുന്നു.

ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ (ENGvNZ) ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയിരുന്നു. പുതിയ കോച്ച് ബ്രണ്ടന്‍ മക്കല്ലം, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (Ben Stokes) എന്നിവരുടെ കീഴിലിറങ്ങിയ ഇംഗ്ലണ്ട് സന്ദര്‍ശകരെ നിഷ്ഭ്രമമാക്കുകയായിരുന്നു. ന്യൂസിലന്‍ഡിന് ആകെ ആശ്വസിക്കാനുള്ള ഡാരില്‍ മിച്ചലിന്റെ (Daryl Mitchell) ബാറ്റിംഗ് മാത്രമായിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് മിച്ചലായിരുന്നു. മൂന്ന് മത്സരങ്ങളില്‍ 538 റണ്‍സാണ് മിച്ചല്‍ നേടിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടും. പരമ്പരയിലെ താരങ്ങളില്‍ ഒരാള്‍ മിച്ചലായിരുന്നു. 396 റണ്‍സ് നേടിയ ജോ റൂട്ടുമായി പുരസ്‌കാരം പങ്കിടുകയായിരുന്നു മിച്ചല്‍.

മത്സരത്തില്‍ മാത്രമല്ല, ഹൃദ്യമായ പെരുമാറ്റം കൊണ്ടും ഇംഗ്ലീഷ് താരങ്ങള്‍ കയ്യടി നേടുകയാണ്. ലീഡ്‌സില്‍ നടന്ന മൂന്നാം മത്സരത്തില്‍ റൂട്ടിന്റെ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരം കഴിഞ്ഞ് പരസ്പരം കൈകൊടുത്ത് പിരിയാന്‍ സമയത്ത് റൂട്ട് ഓടിച്ചെന്ന് ഒരു സ്റ്റംപ് പിഴുതെടുത്ത് മിച്ചലിന് നല്‍കുകയായിരുന്നു. ക്രിക്കറ്റ് ആരാധകര്‍ കയ്യടിയോടെയാണ് ഈ വീഡിയോ ഏറ്റെടുത്തത്. വൈറല്‍ വീഡിയോ കാണാം... 

Scroll to load tweet…

പ്രകടനം കൊണ്ട് ഇംഗ്ലണ്ടിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ താരം മിച്ചലായിരുന്നു. അത് മനസിലാക്കിയാണ് റൂട്ട് ഇത്തരത്തില്‍ ചെയ്തതും. അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ജയിച്ചത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 296 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാന ദിനം ആദ്യ സെഷന്‍ മഴമൂലം നഷ്ടമായെങ്കിലും രണ്ടാം സെഷനില്‍ 15.2 ഓവറില്‍ 113 റണ്‍സ് നേടി വിജയം അടിച്ചെടുത്തു.

ഒല്ലി പോപ് (82), ജോ റൂട്ട് (86*), ജോണി ബെയര്‍സ്‌റ്റോ (44 പന്തില്‍ പുറത്താവാതെ 71) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍ ന്യൂസിലന്‍ഡ് 329, 326, ഇംഗ്ലണ്ട് 360, 296-3.

അവസാന ദിനം 183-2 എന്ന സ്‌കോറില്‍ ബാറ്റിംഗ് തുടരാനിരുന്ന ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം ബാറ്റിംഗിനിറങ്ങാനായില്ല. എന്നാല്‍ മഴ മാറിയ രണ്ടാം സെഷനില്‍ ബാറ്റിംഗിനിറങ്ങുമ്പോള്‍ ഇഗ്ലണ്ടിന് എട്ട് വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് 113 റണ്‍സ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. അവസാന ദിനം തുടക്കത്തിലെ ഒലി പോപ്പിനെ(82) നഷ്ടമായെങ്കിലും പകരമെത്തിയ ജോണി ബെയര്‍‌സ്റ്റോ തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ടിന്രെ ആശങ്ക അകന്നു. മറുവശത്ത് മിന്നും ഫോം തുടര്‍ന്ന ജോ റൂട്ടും മോശമാക്കിയില്ല. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഇരുവരും വെറും 15.2 ഓവറില്‍ ലക്ഷ്യം മറികടന്നു.