നാലാം ദിനത്തിലെ കളി കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്ന് കയറിവന്ന ആകാശ് ദീപിനെയും ബുമ്രയെയും ഇന്ത്യൻ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന് കൈയടികളോടെയാണ് ഡ്രസ്സിംഗ് റൂമിലേക്ക് പറഞ്ഞയച്ചത്.
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ജസ്പ്രീത് ബുമ്രയുടെയും ആകാശ് ദീപിന്‍റെയും അപരാജിത പത്താം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഫോളോ ഓണ്‍ ഒഴിവാക്കിയതിന് പിന്നാലെ ഡ്രസ്സിംഗ് റൂമില്‍ ആഘോഷിച്ച് വിരാട് കോലിയും കോച്ച് ഗൗതം ഗഭീറും. ഓസീസ് പാറ്റ് കമിന്‍സിനെ തേര്‍ര്‍മാന് മുകളിലൂടെ കട്ട് ചെയ്ത് ബൗണ്ടറി അടിച്ചാണ് ആകാശ് ദീപ് ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ ഫോളോ ഓണ്‍ ഒഴിവാക്കിയത്.
246 റണ്‍സായിരുന്നു ഇന്ത്യക്ക് ഓണ്‍ ഒഴിവാക്കാന്‍ വേണ്ടിയിരുന്നത്. സ്കോര്‍ 213ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജ പുറത്തായതോടെ ഇന്ത്യ ഫോളോ ഓണ്‍ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ മുന്‍നിര ബാറ്റര്‍മാരെ നാണിപ്പിക്കുന്ന രീതിയില്‍ മികച്ച പ്രതിരോധവുമായി ക്രീസില്‍ നിന്ന ആകാശ് ദീപും കട്ട സപ്പോര്‍ട്ട് നല്‍കിയ ബുമ്രയും ചേര്‍ന്ന് പത്താം വിക്കറ്റില്‍ 39 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ഫോളോ ഓണ്‍ ഒഴിവാക്കി. ഇതോടെ ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് സമനില പ്രതീക്ഷയായി.
കമിന്‍സിനെതിരെ ആകാശ് ദീപ് ബൗണ്ടറി നേടി ഇന്ത്യൻ സ്കോര്‍ 246ല്‍ എത്തിച്ചതോടെ ആവേശത്തോടെ സീറ്റില്‍ നീന്ന് ചാടിയെഴുന്നേറ്റ വിരാട് കോലി കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കൈ കൊടുത്തു. ഗംഭീറും സീറ്റില്‍ നിന്നെഴുന്നേറ്റ് മുഷ്ടിചുരുട്ടി ആവേശം പങ്കുവെച്ചു. തൊട്ടുപിന്നാലെ കമിന്‍സിനെതിരെ ആകാശ് ദീപ് പടുകൂറ്റന്‍ സിക്സ് പറത്തിയതോടെ ആവേശത്തോടെ വീണ്ടും ചാടിയെഴുന്നേറ്റ കോലി പന്ത് എവിടെയാണ് വീഴുന്നതെന്ന് നോക്കി ചിരിക്കുന്നതും കാണാമായിരുന്നു.
51-4 എന്ന സ്കോറില്‍ നാലാം ദിനം തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായതോടെ കൂടുതല്‍ പ്രതിരോധത്തിലായിരുന്നു. പിന്നീട് രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. ടീം സ്കോര്‍ 141ല്‍ എത്തിയപ്പോള്‍ 84 റണ്‍സെടുത്ത രാഹുലും മടങ്ങി. ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയും(16) ചേര്‍ന്ന് പോരാട്ടം തുടര്‍ന്നെങ്കിലും സ്കോര്‍ 194 ല്‍ നില്‍ക്കെ നിതീഷ് റെഡ്ഡിയും 201 ല്‍ മുഹമ്മദ് സിറാജും 213ല്‍ ജഡേജയും വീണതോടെയാണ് ഇന്ത്യ ഫോളോ ഓണിന് അരികിലെത്തിയത്. നാലാം ദിനത്തിലെ കളി കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്ന് കയറിവന്ന ആകാശ് ദീപിനെയും ബുമ്രയെയും ഇന്ത്യൻ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന് കൈയടികളോടെയാണ് ഡ്രസ്സിംഗ് റൂമിലേക്ക് പറഞ്ഞയച്ചത്.
