രാജ്യത്തെയും രാജസ്ഥാനിലെയും സ്ത്രീകള്‍ക്കാണ് ഈ ജേഴ്‌സി റോയല്‍സ് സമര്‍പ്പിക്കുന്നത്
ജയ്‌പൂര്‍: ഐപിഎല്‍ 2024 സീസണില്‍ സ്ത്രീകള്‍ക്കുള്ള ആദരമായി പ്രത്യേക പിങ്ക് ജേഴ്‌സി പുറത്തിറക്കി രാജസ്ഥാന്‍ റോയല്‍സ് ക്രിക്കറ്റ് ടീം. ഏപ്രില്‍ ആറിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ ഈ കുപ്പായം അണിയുക. രാജ്യത്തെയും രാജസ്ഥാനിലെയും സ്ത്രീകള്‍ക്കാണ് ഈ ജേഴ്‌സി റോയല്‍സ് സമര്‍പ്പിക്കുന്നത്.
പിങ്ക് പ്രോമിസ് എന്ന ഹാഷ്‌ടാഗോടെ ആകര്‍ഷകമായ വീഡിയോയിലൂടെയാണ് രാജസ്ഥാന്‍ റോയല്‍സ് സവിശേഷ ജേഴ്‌സി അവതരിപ്പിച്ചത്. രാജസ്ഥാനിലെ ഗ്രാമീണ സ്ത്രീ ജീവിതത്തിന്‍റെ ഉയര്‍ച്ചയാണ് വീഡിയോയിലെ പ്രധാന വിഷയം. രാജസ്ഥാന്‍ ഗ്രാമങ്ങളെ വികസനത്തിലേക്ക് കൈപിടിച്ചുനടത്തിയ സ്ത്രീ ജീവിതങ്ങള്‍ക്കും പോരാട്ടത്തിനുമുള്ള ആദരവും സൗരോര്‍ജ്യം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗവുമായാണ് പുതിയ ജേഴ്‌സി അവതരിപ്പിച്ചത്. സ്ത്രീകള്‍ ഉള്ളയിടത്ത് ഇന്ത്യയുണ്ട് എന്ന ആപ്തവാക്യമാണ് റോയല്‍സ് മുന്നോട്ടുവെക്കുന്നത്. പിങ്ക് ജേഴ്‌സിയിലുള്ള മഞ്ഞനിറം സൂര്യനെയും സോളാര്‍ ഊര്‍ജത്തെയും പ്രതിനിധാനം ചെയ്യുന്നു. രാജസ്ഥാനി സ്ത്രീകളുടെ പരമ്പരാഗത വേഷങ്ങളിലുള്ള ചിത്രപ്പണികളും ആലേഖനം ചെയ്‌തിരിക്കുന്നു. പാരമ്പര്യവും ആധുനിക ഡിസൈനും സമ്മേളിക്കുന്ന ജേഴ്‌സി സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
പുതിയ പിങ്ക് ജേഴ്‌സിയില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളിയുമായ സഞ്ജു സാംസണ്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ ചിത്രവും ഇതിനകം ശ്രദ്ധേയമായി. ഐപിഎല്‍ ചരിത്രത്തില്‍ ടീമിന്‍റെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് സഞ്ജുവും കൂട്ടരും ഇക്കുറി ഇറങ്ങുന്നത്. ധ്രുവ് ജൂരെല്‍, ജോസ് ബട്‌ലര്‍, കുണാല്‍ സിംഗ് റാത്തോഡ്, ടോം കോഹ്‌ലര്‍, റിയാന്‍ പരാഗ്, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, യശസ്വി ജയ്‌സ്വാള്‍, ശുഭം ദുബെ, ഡൊണോവന്‍ ഫെറൈര, റോവ്‌മാന്‍ പവല്‍, ആബിദ് മുഷ്‌താഖ്, ആദം സാംപ, കുല്‍ദീപ് സെന്‍, ആവേഷ് ഖാന്‍, നാന്ദ്രേ ബര്‍ഗര്‍, നവ്‌ദീപ് സെയ്‌നി, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ റോയല്‍സിനായി ഇറങ്ങും. പരിക്കേറ്റ പേസര്‍ പ്രസിദ്ധ് കൃഷ്‌ണയ്ക്ക് ഈ സീസണിലും കളിക്കാനാവില്ല.
Read more: സഞ്ജു സാംസണിന്‍റെ പ്ലാനുകള്‍ പാളുമോ; വിശ്വസ്‌ത താരം പരിക്കേറ്റ് പുറത്ത്, ശസ്ത്രക്രിയ കഴിഞ്ഞു
