ലണ്ടന്‍: ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ കഴിയുമ്പോഴും ക്രിക്കറ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലെത്തിയത് പണത്തിനായോ സാഹസികത പ്രകടിപ്പിക്കാനോ അല്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. സാധാരണനിലയിലേക്ക് തിരിച്ചുപോവുക എന്ന ആത്മാര്‍ത്ഥ ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ടില്‍ പരമ്പരക്കായി എത്തിയതെന്നും ഹോള്‍ഡര്‍ ബിബിസിയോട് പറഞ്ഞു.

ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരാംഭിക്കണമെന്ന് ആവശ്യവുമായി ധാരാളം ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ഞങ്ങള്‍ ഗിനിപ്പന്നികളയാതുകൊണ്ടല്ല ഈ സമയം ഇംഗ്ലണ്ടില്‍ പരമ്പര കളിക്കാനെത്തിയത്. ഇംഗ്ലണ്ട് പരമ്പര നേരത്തെ ഞങ്ങളുടെ വിദേശപരമ്പരളുടെ കൂട്ടത്തിലുള്ളതാണ്. ടീം അംഗങ്ങളുമായും അധികൃതരുമായും സംസാരിച്ചപ്പോള്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. അതിനാലാണ് പരമ്പരക്കായി എത്തിയത്-ഹോള്‍ഡര്‍ പറഞ്ഞു.


ജീവന്‍ പണയം വെച്ച് പണത്തിനുവേണ്ടിയല്ല ഞങ്ങള്‍ ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷിതമായ സാഹചര്യങ്ങളിലെ  ഞങ്ങള്‍ കളിക്കാനിറങ്ങു. കൊവിഡ് കാലത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കാര്യമെടുത്തുനോക്കു. അവര്‍ക്ക് ജോലി ചെയ്യാനാവില്ലെന്ന് പറഞ്ഞ് വീട്ടിലിരിക്കാനാവില്ലല്ലോ.

എന്തായാലും ക്രിക്കറ്റ് താരങ്ങള്‍ക്ക് അത്തരമൊരു അവസ്ഥയൊന്നുമില്ലല്ലോ. ഏതെങ്കിലും ഘട്ടത്തില്‍ സാധാരണ നിലയിലേക്ക് തിരിച്ചുപോവാന്‍ നമ്മള്‍ ശ്രമിച്ചല്ലേ പറ്റൂ. ഇംഗ്ലണ്ടില്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങളില്‍ ടീമിന് പൂര്‍ണ തൃപ്തിയുണ്ടെന്നും ഹോള്‍ഡര്‍ പറഞ്ഞു.

മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്കായി ചൊവ്വാഴ്ചയാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഇംഗ്ലണ്ടിലെത്തിയത്. ജൂലൈ എട്ടിന് ആരംഭിക്കുന്ന പരമ്പരക്ക് മുന്നോടിയായി വിന്‍ഡീസ് താരങ്ങള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയും. കൊവിഡ് ആശങ്ക നിലനില്‍ക്കെ നടക്കുന്ന ആദ്യ ക്രിക്കറ്റ് പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര.