ടീമിന്‍റെ വീഴ്‌ചകളെല്ലാം ഏറ്റുപറയുന്നതായി ഫൈനലിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വാക്കുകള്‍

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും തോല്‍വി രുചിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓവലില്‍ നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന് തോറ്റാണ് തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ടീം ഇന്ത്യ കൈവിട്ടത്. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് ബാറ്റിംഗിന് മുന്നില്‍ പതറിയ ഇന്ത്യ പിന്നാലെ അലക്ഷ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് സ്വയം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ടീമിന്‍റെ വീഴ്‌ചകളെല്ലാം ഏറ്റുപറയുന്നതായി ഫൈനലിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വാക്കുകള്‍.

'ടോസ് ലഭിച്ചപ്പോള്‍ മികച്ച തുടക്കമാണ് ലഭിച്ചത് എന്ന് എനിക്ക് തോന്നി. ആദ്യ സെഷനില്‍ നമ്മള്‍ നന്നായി പന്തെറിഞ്ഞു. എന്നാല്‍ അതിന് ശേഷം നമ്മുടെ കൈയില്‍ നിന്ന് നിയന്ത്രണം നഷ്‌ടമായി. ഓസീസ് ബാറ്റര്‍മാര്‍ക്കാണ് ക്രഡിറ്റ് നല്‍കേണ്ടത്. സ്റ്റീവ് സ്‌മിത്തിനൊപ്പം എത്തി ട്രാവിഡ് ഹെഡ് നന്നായി ബാറ്റ് ചെയ്തു. പിന്നീട് തിരിച്ചുവരവ് കഠിനമാണ് എന്ന് നമുക്കറിയാം. എങ്കിലും ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്‌ചവെച്ചു. അവസാന നിമിഷം വരെ പോരാടി. നാല് വര്‍ഷത്തിനിടെ രണ്ട് ഫൈനല്‍ കളിച്ച് ടീം നന്നായി കഠിനാധ്വാനം ചെയ്‌തു. രണ്ട് ഫൈനലുകള്‍ കളിക്കുക അഭിമാനമാണ്. എന്നാല്‍ ഒരു മൈല്‍ ദൂരം കൂടി നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ വരെ എത്താന്‍ ടീം ഏറെ കഷ്‌ടപ്പെട്ടതിനെ തള്ളിക്കളയാനാവില്ല. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് ഫൈനലില്‍ ജയിക്കാനായില്ല. എങ്കിലും തലയുയര്‍ത്തിപ്പിടിച്ച് ഞങ്ങള്‍ പോരാടും'.

കാണികള്‍ക്ക് കയ്യടി

'കാണികളുടെ വലിയ പിന്തുണ ഓവലില്‍ കിട്ടി. എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുന്നു. എല്ലാ റണ്ണിനും വിക്കറ്റിനും അവര്‍ ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു. നമ്മള്‍ ബാറ്റ് കൊണ്ട് പരാജിതരായി. രണ്ടാം ഇന്നിംഗ്‌സില്‍ ബൗളര്‍മാര്‍ ശക്തമായി തിരിച്ചെത്തിയിട്ടും സാഹചര്യങ്ങളെ പ്രയോജനപ്പെടുത്താനായില്ല. ഓസീസ് നന്നായി കളിച്ചു, അവര്‍ക്ക് അഭിനന്ദനങ്ങള്‍' എന്നും രോഹിത് ശര്‍മ്മ മത്സര ശേഷം പറഞ്ഞു.

Read more: വീണ്ടും തലചുറ്റി വീണ് ടീം ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഓസ്‌ട്രേലിയക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News