ചാമ്പ്യൻസ് ട്രോഫിയില്‍ വരുണ്‍ ടീമിന്‍റെ എക്സ് ഫാക്ടറാകുമെന്നും എതിരാളികള്‍ വരുണിന്‍റെ പന്തുകള്‍ അധികം നേരിട്ടിട്ടില്ലാത്തത് ഇന്ത്യക്ക് ഗുണകരമാകുമെന്നും ഗംഭീര്‍.

അഹമ്മദാബാദ്: ചാമ്പ്യൻസ് ട്രോഫി ടീമില്‍ നിന്ന് യശസ്വി ജയ്സ്വാളിനെ തഴഞ്ഞ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്താനുള്ള കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 14 വിക്കറ്റുമായി പരമ്പരയുടെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ആദ്യം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലും പിന്നീട് ചാമ്പ്യൻസ് ട്രോഫി ടീമിലും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പരിക്ക് ഭേദമാകാത്ത ജസ്പ്രീത് ബുമ്രക്ക് പകരം ഹര്‍ഷിത് റാണയെയും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തി.

ജസ്പ്രീത് ബുമ്ര പിന്‍മാറിയ സാഹചര്യത്തില്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഒരു എക്സ്ട്രാ ബൗളറുടെ ആവശ്യം വന്നതിനാലാണ് ഓപ്പണറായ യശസ്വി ജയ്സ്വാളിന് പകരം വരുണ്‍ ചക്രവര്‍ത്തിയെ ടീമിലെടുത്തതെന്ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനുശേഷം ഗംഭീര്‍ പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയില്‍ വരുണ്‍ ടീമിന്‍റെ എക്സ് ഫാക്ടറാകുമെന്നും എതിരാളികള്‍ വരുണിന്‍റെ പന്തുകള്‍ അധികം നേരിട്ടിട്ടില്ലാത്തത് ഇന്ത്യക്ക് ഗുണകരമാകുമെന്നും ഗംഭീര്‍ പറഞ്ഞു. എല്ലാ മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചില്ലെങ്കില്‍ പോലും ബൗളിംഗ് വൈവിധ്യം ഉറപ്പുവരുത്താന്‍ വരുണിന്‍റെ സാന്നിധ്യം കൊണ്ടാവുമെന്നും ഗംഭീര്‍ വ്യക്തമാക്കി.

ചാമ്പ്യൻസ് ട്രോഫിയിലും റിഷഭ് പന്തിന് അവസരമുണ്ടാകില്ല; കെ എൽ രാഹുൽ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് ഗംഭീർ

അതേസമയം വരുണിന് വേണ്ടി ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും യശസ്വി ജയ്സ്വാളിന് മികച്ച ഭാവിയുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. മധ്യഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയുന്നൊരു ബൗളര്‍ എന്നതുകൊണ്ട് മാത്രമാണ് വരുണിനെ ടീമിലുള്‍പ്പെടുത്തിയത്, ഇല്ലായിരുന്നെങ്കില്‍ യശസ്വി തന്നെ തുടരുമായിരുന്നുവെന്നും ഗംഭീര്‍ വ്യക്തമാക്കി.

2021 ജൂലൈയില്‍ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ വരുണ്‍ ചക്രവര്‍ത്തി അതേവര്‍ഷം ഇന്ത്യക്കായി ടി20 ലോകകപ്പില്‍ കളിച്ചെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് വരുണ്‍ പിന്നീട് വീണ്ടും ഇന്ത്യൻ ടി20 ടീമിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക