ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 29 റൺസിനാണ് ഗുജറാത്ത് കൊൽക്കത്തയോട് പരാജയപ്പെട്ടത്. മത്സരത്തിൽ ഗുജറാത്ത് ഫീൽഡർമാർ നിരവധി അനായാസ ക്യാച്ചുകള്‍ അവിശ്വസനീയമായി കൈവിട്ടിരുന്നു.

കൊൽക്കത്ത: ഐപിഎല്ലില്‍ ഓരോ ജയങ്ങള്‍ക്ക് ശേഷവും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ എതിരാളികളെ ട്രോളാറുള്ള നായകന്‍ ശുഭ്മാൻ ഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തോല്‍വിക്കൊടുവില്‍ കുത്ത് കൊടുത്തത് സ്വന്തം ടീമിന് തന്നെ. തുടര്‍ച്ചയായ അഞ്ച് ജയങ്ങള്‍ക്ക് ശേഷമായിരുന്നു ഗുജറാത്ത് ഒരു മത്സരത്തില്‍ തോല്‍ക്കുന്നത്. ചെന്നൈയെയും ആർസിബിയെയും പഞ്ചാബിനെയുമൊക്കെ തോൽപ്പിച്ച ശേഷം ഗിൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റതിന് പിന്നാലെ സ്വന്തം ടീമിനെത്തന്നെയായിരുന്നു ഗില്‍ ട്രോളിയത്.

Add Asianetnews as a Preferred SourcegooglePreferred

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 29 റൺസിനാണ് ഗുജറാത്ത് കൊൽക്കത്തയോട് പരാജയപ്പെട്ടത്. മത്സരത്തിൽ ഗുജറാത്ത് ഫീൽഡർമാർ നിരവധി അനായാസ ക്യാച്ചുകള്‍ അവിശ്വസനീയമായി കൈവിട്ടിരുന്നു. ഫിൻ അലൻ, അംഗ്രിഷ് രഘുവംശി, കാമറൂൺ ഗ്രീൻ എന്നിവരുടേതുൾപ്പെടെ നാല് നിർണായക ക്യാച്ചുകളാണ് ഗുജറാത്ത് ഫീൽഡർമാർ കൈവിട്ടത്. 35 പന്തില്‍ 93 റണ്‍സെടുത്ത അലനെ ജേസണ്‍ ഹോള്‍ഡറും മുഹമ്മദ് സിറാജുമാണ് കൈവിട്ടത്. ഈ അവസരങ്ങൾ മുതലാക്കി കൊല്‍ക്കത്ത ഗുജറാത്തിന് മുന്നില്‍ 247 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.

49 പന്തിൽ 85 റൺസ് അടിച്ചുകൂട്ടി ഗിൽ ഗുജറാത്തിനായി പൊരുതിയെങ്കിലും ടീമിലെ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. കളിക്ക് ശേഷം ഇൻസ്റ്റഗ്രാമിൽ മത്സരത്തിലെ ചിത്രം പങ്കുവെച്ചുകൊണ്ട് ഗിൽ കുറിച്ച അടിക്കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. അടുത്തത് നമ്മൾ പിടിക്കും എന്നായിരുന്നു ടീമിന്‍റെ മോശം ഫീല്‍ഡിംഗിനെ പരിഹസിച്ചുകൊണ്ട് ഗിൽ കുറിച്ചത്.

View post on Instagram

മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിലും ടീമിന്‍റെ ഫീൽഡിംഗ് പിഴവുകളെ ഗിൽ തുറന്നു വിമർശിച്ചു. ഈ കളിയിൽ ജയിക്കാൻ തങ്ങൾ അർഹരായിരുന്നില്ലെന്ന് ഗില്‍ തുറന്നുപറഞ്ഞു. ഞങ്ങൾ എപ്പോഴും നിലവാരം പുലർത്തുന്ന ടീമാണ്, എന്നാൽ മൂന്ന് അനായാസ ക്യാച്ചുകളാണ് ഇന്ന് കൈവിട്ടത്. ഫീൽഡിംഗിലെ ഈ പ്രകടനം വെച്ചുനോക്കുമ്പോൾ ഞങ്ങൾ ഈ മത്സരത്തിൽ വിജയം അർഹിച്ചിരുന്നില്ല. ക്വാളിഫയർ മത്സരങ്ങളിൽ ഇത്തരം പിഴവുകൾ സംഭവിക്കുന്നതിനേക്കാൾ നല്ലത് ഇപ്പോൾ സംഭവിച്ചതാണെന്നും ഗിൽ പറഞ്ഞിരുന്നു. പ്ലേഓഫ് ഉറപ്പാക്കാൻ ഗുജറാത്തിന് ഇനി ഒരൊറ്റ വിജയം കൂടി മതി. മെയ് 21-ന് നടക്കുന്ന തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയാണ് ഗുജറാത്ത് നേരിടുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക