വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ 183 റണ്‍സ് ലീഡ് വഴങ്ങിയ ടീം ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ പൊരുതുന്നു. 34 ഓവര്‍ പിന്നിടുമ്പോള്‍ 85-2 എന്ന സ്‌കോറിലാണ് കോലിപ്പട. കിവീസ് സ്‌കോറിന് ഒപ്പമെത്താന്‍ ഇന്ത്യക്ക് 98 റണ്‍സ് കൂടി വേണം. മായങ്കും(53*) കോലിയുമാണ്(6*) ക്രീസില്‍. ഇന്ത്യക്ക് ഓപ്പണര്‍ പൃഥ്വി ഷായെയും(14), ചേതേശ്വര്‍ പൂജാരയെയും(11) നഷ്‌ടമായി. പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിനാണ് ഇരു വിക്കറ്റും. 

ഇശാന്തിന് അഞ്ച് വിക്കറ്റ്; വാലറ്റത്ത് കിവീസ് വെടിക്കെട്ട്

ഇന്ത്യയുടെ 165 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയര്‍ ഒന്നാം ഇന്നിംഗ്സില്‍ 348 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റിന് 216 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍‌ഡിന് 165 റണ്‍സ് കൂടി ചേര്‍ക്കാനായി. വാലറ്റത്ത് കെയ്‌ല്‍ ജമൈസനും(45 പന്തില്‍ 44) ട്രെന്‍ഡ് ബോള്‍ട്ടും(24 പന്തില്‍ 38) ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതാണ് കിവികള്‍ക്ക് മികച്ച ലീഡ് നല്‍കിയത്. നായകന്‍ കെയ്‌ന്‍ വില്യംസണ്‍ 89ഉം റോസ് ടെയ്‌ലര്‍ 44ഉം കോളിന്‍ ഗ്രാന്‍ഹോം 43ഉം റണ്‍സെടുത്തു.

22.2 ഓവറില്‍ ആറ് മെയ്‌ഡന്‍ ഓവര്‍ അടക്കം അഞ്ച് വിക്കറ്റ് എടുത്ത ഇഷാന്ത് ശര്‍മ്മയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. അശ്വിന്‍ മൂന്നും ഷമിയും ബുമ്രയും വിക്കറ്റ് നേടി. 

സൗത്തി, ജമൈസണ്‍ ഷോ; ഇന്ത്യക്ക് കാലുറച്ചില്ല

നാല് വിക്കറ്റുവീതം വീഴ്‌ത്തി ടിം സൗത്തിയും അരങ്ങേറ്റക്കാരന്‍ കെയ്ല്‍ ജമൈസനും ആഞ്ഞടിച്ചപ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 165 റണ്‍സില്‍ പുറത്തായിരുന്നു. പൃഥ്വി ഷാ(16), മായങ്ക് അഗര്‍വാള്‍(34), ചേതേശ്വര്‍ പൂജാര(11), വിരാട് കോലി(2), ഹനുമ വിഹാരി(7) എന്നിവരെ ആദ്യദിനം ഇന്ത്യക്ക് നഷ്‌ടമായിരുന്നു. അജിങ്ക്യ രഹാനെ 46ഉം ഋഷഭ് പന്ത് 19ഉം ഇശാന്ത് ശര്‍മ്മ അ‍ഞ്ചും മുഹമ്മദ് ഷമി 21ഉം റണ്‍സ് നേടി രണ്ടാംദിനം പുറത്തായി. രവിചന്ദ്ര അശ്വിന്‍ ഗോള്‍ഡന്‍ ഡക്കായി.