ലക്‌നൗ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര വെസ്റ്റ് ഇന്‍ഡീസ് തൂത്തുവാരി. ലക്‌നൗ ഏകന സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് വിന്‍ഡീസ് നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷായ് ഹോപ്പിന്റെ (145 പന്തില്‍ പുറത്താവാതെ 109) സെഞ്ചുറിയാണ് വിന്‍ഡീസിന് അനായാസ ജയം നല്‍കിയത്.

എട്ട് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിങ്‌സ്. റോസ്റ്റണ്‍ ചേസ് (32 പന്തില്‍ 42) പുറത്താവാതെ നിന്നു. എവിന്‍ ലൂയിസ് (1), ഷിംറോണ്‍ ഹെറ്റ്മയേര്‍ (0), ബ്രന്‍ഡണ്‍ കിംഗ് (39), നിക്കോളാസ് പൂരന്‍ (21) കീറണ്‍ പൊള്ളാര്‍ഡ് (32) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുജീബ് റഹ്മാന്‍ രണ്ട് വിക്കറ്റെടുത്തു. 

നേരത്തെ അസ്ഗര്‍ അഫ്ഗാന്‍ (86), ഹസ്രത്തുള്ള സസൈ (50), മുഹമ്മദ് നബി (50) എന്നിവരുടെ ഇന്നിങ്‌സാണ് അഫ്ഗാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കീമോ പോള്‍ വിന്‍ഡീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. അള്‍സാരി ജോസഫിന് രണ്ട് വിക്കറ്റുണ്ട്.