ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ആന്ദ്രേ റസല്‍, കീറോന്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍, ക്രിസ് ഗെയ്ൽ എന്നിവര്‍ ലോകകപ്പ് ടീമിലെത്തുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ബാര്‍ബഡോസ്: ഏകദിന ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ബാര്‍ബഡോസില്‍ ഇന്ത്യന്‍ സമയം രാത്രി 11 ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 15 കളിക്കാരുടെ പട്ടിക ഇന്നലെ ഐസിസിക്ക് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കൈമാറിയിരുന്നു. 

ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന ആന്ദ്രേ റസല്‍, കീറോന്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍, ക്രിസ് ഗെയ്ൽ എന്നിവര്‍ ലോകകപ്പ് ടീമിലെത്തുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

വിന്‍ഡീസ് ബോര്‍ഡിൽ ഉണ്ടായ അധികാരമാറ്റം പ്രമുഖ താരങ്ങളുടെ മടങ്ങിവരവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജാസൺ ഹോള്‍ഡര്‍ നായകനായി തുടരും. വിന്‍ഡീസ് ഒഴികെ എല്ലാ രാജ്യങ്ങളും 15 കളിക്കാരുടെ ടീമിനെ പ്രഖ്യാപിച്ചിരുന്നു. മെയ് 30ന് ഇംഗ്ലണ്ടിലാണ് ലോകകപ്പ് തുടങ്ങുന്നത്.