Asianet News MalayalamAsianet News Malayalam

ടി20: രോഹിത്തിന്‍റെ തുടക്കം, കാര്‍ത്തിക്കിന്‍റെ ഫിനിഷിംഗ്; ഇന്ത്യക്കെതിരെ വിന്‍ഡീസിന് 191 റണ്‍സ് വിജയലക്ഷ്യം

ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം റിഷഭ് പന്തിന് പകരം സൂര്യകുമാര്‍ യാദവ് ആണ് ഓപ്പണറായി എത്തിയത്. തുടക്കത്തില്‍ ഒന്ന് രണ്ട് അവസരങ്ങള്‍ നല്‍കിയെങ്കിലും സൂര്യകുമാറും രോഹിത്തും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.

West Indies vs India, 1st T20I: India set 191 runs target for west indies
Author
Barbados, First Published Jul 29, 2022, 10:02 PM IST

ബാര്‍ബഡോസ്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 191 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി  ക്രീസിലിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 44 പന്തില്‍ 64 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക് നടത്തിയ ഫിനിഷിംഗാണ് ഇന്ത്യയെ 190 റണ്‍സിലെത്തിച്ചത്. കാര്‍ത്തിക് 19 പന്തില്‍ പുറത്താകാതെ 41 റണ്‍സെടുത്തു. വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.

തുടക്കം കസറി, പിന്നെ തകര്‍ന്നു

ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം റിഷഭ് പന്തിന് പകരം സൂര്യകുമാര്‍ യാദവ് ആണ് ഓപ്പണറായി എത്തിയത്. തുടക്കത്തില്‍ ഒന്ന് രണ്ട് അവസരങ്ങള്‍ നല്‍കിയെങ്കിലും സൂര്യകുമാറും രോഹിത്തും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.4 ഓവറില്‍ 44 റണ്‍സടിച്ചു. വണ്‍ ഡൗണായി എത്തിയ ശ്രേയസ് അയ്യര്‍ക്ക് ക്രീസില്‍ അധികം ആയുസുണ്ടായില്ല.  നാലു പന്ത് നേരിട്ട അയ്യര്‍ പൂജ്യനായി മടങ്ങി. റിഷഭ് പന്ത് രോഹിത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം ദീര്‍ഘിച്ചില്ല.

14 റണ്‍സെടുത്ത റിഷഭ് പന്ത് പുറത്തായതിന് പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യയും(1) വീണതോടെ ഇന്ത്യ പതറി. നല്ല തുടക്കമിട്ടെങ്കിലും രവീന്ദ്ര ജഡേജക്കും(16) അധികം മുന്നോട്ടു പോവാനായില്ല. പതിനാറാം ഓവറില്‍ 138-6 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ ദിനേശ് കാര്‍ത്തിക്കും അശ്വിനും ചേര്‍ന്ന് അവസാന നാലോവറില്‍ 52 റണ്‍സടിച്ച് 190 റണ്‍സിലെത്തിക്കുകയായിരുന്നു.     

19 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്ന കാര്‍ത്തിക് ഒബേഡ് മക്കോയി എറിഞ്ഞ ഇരുപതാം ഓവറില്‍ 15ഉം ജേസള്‍ ഹോള്‍ഡര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 21 ഉം റണ്‍സടിച്ചാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. കാര്‍ത്തിക്കിനൊപ്പം അശ്വിന്‍(10 പന്തില്‍ 13) പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിന പരമ്പര കളിച്ച ടീമില്‍ അടിമുടി മാറ്റവുമായാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങിയത്. ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ വൈസ് ക്യാപ്റ്റനായി ഹാര്‍ദ്ദിക് പാണ്ഡ്യയും റിഷഭ് പന്തും ഭുവനേശ്വര്‍ കുമാറും ദിനേശ് കാര്‍ത്തിക്കും രവീന്ദ്ര ജഡേജയും അര്‍ഷദീപ് സിംഗും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.

Follow Us:
Download App:
  • android
  • ios