ആന്‍റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ഉപനായകന്‍ അജിങ്ക്യ രഹാനെയ്‌ക്ക് സെഞ്ചുറി. ടെസ്റ്റ് കരിയറിലെ 10-ാം സെഞ്ചുറി 235 പന്തിലാണ് രഹാനെ പൂര്‍ത്തിയാക്കിയത്. നാലാം ദിനം രണ്ടാം സെഷനില്‍ 311/4 എന്ന സ്‌കോറിലാണ് ഇന്ത്യ. ഇതിനകം 386 റണ്‍സ് ലീഡ് ഇന്ത്യ നേടിക്കഴിഞ്ഞു. 

രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റിന് 185 റണ്‍സെന്ന നിലയില്‍ നാലാം ദിനമാരംഭിച്ച ഇന്ത്യക്ക് നായകന്‍ വിരാട് കോലിയെ നഷ്ടമായി. 113 പന്തില്‍ 51 റണ്‍സെടുത്ത കോലിയെ ചേസ്, കോംപ്‌ബെല്ലിന്‍റെ കൈകളിലെത്തിച്ചു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ രഹാനെ- വിഹാരി സഖ്യം 124 റണ്‍സ് ഇതിനകം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 71 റണ്‍സുമായാണ് വിഹാരി ബാറ്റ് ചെയ്യുന്നത്. 

മായങ്ക് അഗര്‍വാള്‍ (16), കെ എല്‍ രാഹുല്‍ (38), ചേതേശ്വര്‍ പൂജാര (25) എന്നിവരുടെ വിക്കറ്റുകള്‍ മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 81 റണ്‍സ് മാത്രമുള്ളപ്പോളാണ് മൂന്ന് വിക്കറ്റുകള്‍ വീണത്. മായങ്കിനേയും രാഹുലിനേയും റോസ്റ്റണ്‍ മടക്കിയയച്ചു. രാഹുലിന്‍റെ കുറ്റി തെറിച്ചപ്പോള്‍ മായങ്ക് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പൂജാരയെ കെമര്‍ റോച്ച് ബൗള്‍ഡാക്കി.