പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡിനോട് കൂടുതല്‍ അടുക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏകദിന കരിയറിലെ 42-ാം സെ‍ഞ്ചുറി വിന്‍ഡീസിനെതിരെ നേടിയ കോലി ഒരുപിടി റെക്കോര്‍ഡുകള്‍ തകര്‍ത്തത് അപ്പോള്‍ സ്വാഭാവികം. 

ഏകദിനത്തില്‍ ഒരു ടീമിനെതിരെ ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടത്തില്‍ സഹതാരം രോഹിത് ശര്‍മ്മയെ കോലി മറികടന്നു. ഓസ്‌ട്രേലിയക്കെതിരെ ഹിറ്റ്‌മാന്‍ 37 ഇന്നിംഗ്‌സില്‍ പിന്നിട്ട നേട്ടം വിന്‍ഡീസിനെതിരെ കോലി 34 ഇന്നിംഗ്‌സില്‍ നേടി. ഓസ്‌ട്രേലിയക്കെതിരെ 40 ഇന്നിംഗ്‌സില്‍ രണ്ടായിരം റണ്‍സ് തികച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മൂന്നാം സ്ഥാനത്ത്. 

വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ 112 പന്തില്‍ കോലി 42-ാം ഏകദിന സെഞ്ചുറിയിലെത്തി. നായകനായ ശേഷം വിന്‍ഡീസിനെതിരെ കോലിയുടെ ആറാം സെഞ്ചുറിയാണിത്. ന്യൂസിലന്‍ഡിനെതിരെ അഞ്ച് സെഞ്ചുറികള്‍ നേടിയ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ ഇക്കാര്യത്തില്‍ കോലി മറികടന്നു. സെഞ്ചുറി പ്രകടനത്തിനിടെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ഏകദിന റണ്‍വേട്ട(11363) മറികടന്ന കോലി എട്ടാം സ്ഥാനത്തേക്കുയര്‍ന്നു.