രണ്ടാം ടി20 ലോജിസ്റ്റിക്‌ പ്രശ്‌നങ്ങളെ തുടര്‍ന്ന് വൈകി ആരംഭിച്ചതിനാല്‍ താരങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിക്കാന്‍ വേണ്ടിയാണ് മൂന്നാം മത്സരം വൈകിപ്പിക്കാന്‍ തീരുമാനിച്ചത്

വാര്‍ണര്‍ പാര്‍ക്ക്: വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ മൂന്നാം ടി20(West Indies vs India 3rd T20I) ഇന്ന് നടക്കും. വാര്‍ണര്‍ പാര്‍ക്കില്‍(Warner Park Basseterre) ഇന്ത്യന്‍സമയം രാത്രി 9.30നാണ് മത്സരം ആരംഭിക്കുക. 9.00 മണിക്ക് ടോസ് വീഴും. എട്ട് മണിക്ക് മത്സരം തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് തുല്യത പാലിക്കുന്നതിനാല്‍ ഇന്ന് ജയിച്ച് ലീഡ് തിരിച്ചുപിടിക്കുകയാകും ടീം ഇന്ത്യയുടെ(Indian National Cricket Team) ലക്ഷ്യം. 

രണ്ടാം ടി20 ലോജിസ്റ്റിക്‌ പ്രശ്‌നങ്ങളെ തുടര്‍ന്ന് വൈകി ആരംഭിച്ചതിനാല്‍ താരങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിക്കാന്‍ വേണ്ടിയാണ് മൂന്നാം മത്സരം വൈകിപ്പിക്കാന്‍ തീരുമാനിച്ചത്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിര്‍ദേശം ഇരു ടീമുകളും അംഗീകരിച്ചു. രണ്ടാം ടി20ക്ക് വേദിയായ സമാന സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കുക. ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന രണ്ടാം ടി20 താരങ്ങളുടെ കിറ്റുകള്‍ അടങ്ങിയ ലഗേജ് സ്റ്റേഡിയത്തില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് 10 മണിക്കാരംഭിക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ വീണ്ടും വൈകിയ മത്സരം രാത്രി 11 മണിക്ക് മാത്രമാണ് തുടങ്ങിയത്. ക്രിക്കറ്റ് ആരാധകര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടിന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ക്ഷമ ചോദിച്ചിരുന്നു. 

തിരിച്ചുവരാന്‍ ഇന്ത്യ 

ആദ്യ ടി20യില്‍ ഇന്ത്യ 68 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ച് ആതിഥേയരായ വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തുകയായിരുന്നു. സ്കോർ: ഇന്ത്യ-19.4 ഓവറിൽ 138. വിൻഡീസ്-19.2 ഓവറിൽ 141/5. 52 പന്തിൽ 68 റൺസെടുത്ത ഓപ്പണർ ബ്രെൻഡൻ കിങ്ങും 19 പന്തിൽ 31 റൺസെടുത്ത ഡോവോൻ തോമസുമാണ് വിൻഡീസിനെ ജയിപ്പിച്ചത്. അവസാന ഓവറിൽ തകർത്തടിച്ച തോമസിന്‍റെ ഇന്നിംഗ്‌സ് നിർണായകമായി. അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആ‍ര്‍ അശ്വിൻ, ഹാർദിക് പാണ്ഡ്യ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. തന്‍റെ അവസാന പന്തിലാണ് മക്കോയി ആറ് വിക്കറ്റ് തികച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 31 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ പൂജ്യത്തിന് പുറത്തായി. ഇന്ത്യ ഒരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീതിയുണ്ടായില്ല. സൂര്യകുമാർ യാദവ്(11), ശ്രേയസ് അയ്യർ(10), ദിനേഷ് കാർത്തിക്(7) എന്നിവർ നിരാശപ്പെടുത്തി. രവിചന്ദ്ര അശ്വിൻ 10 റൺസെടുത്തു. വിൻഡീസിന് വേണ്ടി മക്കോയിയുടെ ആറിന് പുറമെ ജേസൻ ഹോൾഡർ രണ്ടും അൽസാരി ജോസഫ്, അക്കീൽ ഹൊസെയ്ൻ എന്നിവർ ഓരോ വിക്കറ്റും നേടി. 

ഭുവിയുള്ളപ്പോള്‍ അവസാന ഓവറില്‍ ആവേശിനെ പന്തേല്‍പിച്ച് തല്ല് വാങ്ങിയതെന്തിന്? മറുപടിയുമായി രോഹിത്