ഇന്ത്യ രണ്ട് മാറ്റം വരുത്തി. അക്‌സര്‍ പട്ടേലിന് പകരം റുതുരാജ് ഗെയ്കവാദ് ടീമിലെത്തി. ഉമ്രാന്‍ മാലിക്കും പുറത്തായി. ജയദേവ് ഉനദ്ഖടാണ് പകരക്കാരന്‍. മാറ്റമൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ നിര്‍ണായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും ഇന്നും പുറത്തിരിക്കും. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തി. ഇന്ത്യ രണ്ട് മാറ്റം വരുത്തി. അക്‌സര്‍ പട്ടേലിന് പകരം റുതുരാജ് ഗെയ്കവാദ് ടീമിലെത്തി. ഉമ്രാന്‍ മാലിക്കും പുറത്തായി. ജയദേവ് ഉനദ്ഖടാണ് പകരക്കാരന്‍. മാറ്റമൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്. പരമ്പരയില്‍ ഇരുവരും ഒപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. 

ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്കവാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജയദേവ് ഉനദ്ഖട്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

വിന്‍ഡീസ്: കെയ്ല്‍ മെയേഴ്‌സ്, ബ്രാണ്ടന്‍ കിംഗ്, എലിക് അഥാന്‍സെ, ഷായ് ഹോപ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, കീസി കാര്‍ടി, റൊമാരിയോ ഷെഫേര്‍ഡ്, യാന്നിക് കാരിയ, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്, ഗുഡകേഷ് മോട്ടീ.

തോറ്റാല്‍ നാണക്കേട്

ഏകദിന ലോകകപ്പിന് പോലും യോഗ്യത നേടാനാവാതെ പോയ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ന് തോറ്റാല്‍ പരമ്പര കൈവിടേണ്ടിവരുമെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ടീം. 2006നുശേഷം ഇന്ത്യക്കെതിരെ ആദ്യ ഏകദിന പരമ്പര വിജയമാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്. 2006നുശേഷം നടന്ന 12 ഏകദിന പരമ്പരകളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. അതേസമയം, ലോകകപ്പിന് തൊട്ടു മുമ്പ് വിന്‍ഡീസിനെപ്പോലൊരു ദുര്‍ബല ടീമിനെതിരെ പരമ്പര കൈവിടുന്നത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കും. ആദ്യ രണ്ട് ഏകദിനങ്ങളിലും അനാവശ്യ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.