ഐപിഎല്‍ ആദ്യ പ്ലേ ഓഫില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബിനെ നേരിടും. മഴ മത്സരം മുടക്കിയാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള പഞ്ചാബ് ഫൈനലിലെത്തും.

മൊഹാലി: ഐപിഎല്‍ ആദ്യ പ്ലേ ഓഫില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാന്‍ ഒരുങ്ങുകയാണ് പഞ്ചാബ്. ഇരു ടീമുകളും ആദ്യ ഐപിഎല്‍ കിരീടമാണ് ലക്ഷ്യമിടുന്നത്. മുല്ലാന്‍പൂര്‍ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് മത്സരത്തിന് ടോസ് വീഴും. പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പഞ്ചാബ്. 14 മത്സരങ്ങളില്‍ 19 പോയിന്റ്. ആര്‍സിബിക്കും 19 പോയിന്റ് ഉണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇരു ടീമുകള്‍ക്കും അവരുടെ വരള്‍ച്ച അവസാനിപ്പിക്കാനുള്ള അവസരമാണിത്. ആര്‍സിബി മൂന്ന് തവണ ഫൈനലിലെത്തിയിട്ടുണ്ട്, അതേസമയം പഞ്ചാബ് 2014 ല്‍ ഫൈനല്‍ കളിച്ചു. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടു. ഇന്ന് ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. തോല്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടി ബാക്കിയുണ്ട്. എലിമിനേറ്റര്‍ ജയിച്ചു വരുന്ന ടീമുമായി കളിക്കും. ചണ്ഡിഗഡില്‍ മഴയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നതാണ് നല്ല വാര്‍ത്ത. എന്നിരുന്നാലും, മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ആര്‍സിബിക്ക് കനത്ത തിരിച്ചടി ആവും.

കാരണം, പട്ടികയില്‍ ഉയര്‍ന്ന സ്ഥാനം നേടുന്ന ടീം ഫൈനലിലേക്ക് മുന്നേറും. ക്വാളിഫയര്‍ 1ന് റിസര്‍വ് ദിനമില്ല. അതുകൊണ്ടുതന്നെ മഴ കളിയെ തടസ്സപ്പെടുത്തിയാല്‍, പിബികെഎസ് ഫൈനലിന് യോഗ്യത നേടും. ആര്‍സിബിക്ക് ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ രണ്ടാം ക്വാളിഫയര്‍ ജയിക്കേണ്ടി വരും. ഇന്ന് ആദ്യ ക്വാളിഫയറിന് ഒരുങ്ങുന്ന ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...

പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇന്‍ഗ്ലിസ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, ഹര്‍പ്രീത് ബ്രാര്‍, കെയ്ല്‍ ജാമിസണ്‍, വിജയ്കുമാര്‍ വൈശാഖ് / യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, ഫില്‍ സാള്‍ട്ട്, രജത് പടിധാര്‍, മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, നുവാന്‍ തുഷാര / ജോഷ് ഹാസില്‍വുഡ്, സുയാഷ് ശര്‍മ.