ദുബെയ്ക്ക് പകരം ഇറക്കേണ്ട ആളല്ലായിരുന്നു റാണ എന്നാണ് ഒരു പക്ഷം പറയുന്നത്. ഇക്കാര്യത്തില്‍ ഐസിസി പറയുന്നത് എന്താണെന്ന് നോക്കാം.

പൂനെ: ഇംഗ്ലണ്ടിനെതിരെ നാലാം ടി20യില്‍ ഇന്ത്യ ഉപയോഗിച്ച കണ്‍ക്കഷന്‍ സബ്‌സ്റ്റിയൂട്ടിനെ ചൊല്ലി വിവാദം കത്തുകയാണ്. ബാറ്റിംഗിനിടെ ശിവം ദുബെയുടെ തലയ്ക്ക് പന്തുകൊണ്ടതിനെ തുടര്‍ന്നാണ് പകരക്കാരനായി ഹര്‍ഷിത് 11-ാം ഓവറിന് ശേഷം പന്തെറിയാനെത്തുന്നത്. റാണ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ 15 റണ്‍സ് വിജയത്തില്‍ റാണ സുപ്രധാന പങ്കുവഹിച്ചെന്നും പറയാം. ഓള്‍റൗണ്ടറായ ദുബെയ്ക്ക് പകരം റാണ പന്തെറിയാനെത്തിയതാണ് പലരേയും ചൊടിപ്പിച്ചത്. മറ്റൊരു ഓള്‍റൗണ്ടറായ രമണ്‍ദീപ് സിംഗ് സ്‌ക്വാഡില്‍ ഉള്ളപ്പോഴാണ് പേസറായ റാണ വരുന്നത്. ദുബെയ്ക്ക് പകരം ഇറക്കേണ്ട ആളല്ലായിരുന്നു റാണ എന്നാണ് ഒരു പക്ഷം പറയുന്നത്. ഇക്കാര്യത്തില്‍ ഐസിസി പറയുന്നത് എന്താണെന്ന് നോക്കാം. ചില പോയിന്റുകള്‍...

1. ഒരു ടീമില്‍ കണ്‍കഷന്‍ സബ്‌സ്റ്റിയൂട്ട് ഇറങ്ങുമ്പോള്‍, ആ ടീമിന്റെ അടിസ്ഥാന കോമ്പിനേഷന്‍ തെറ്റരുത്. അതായത് ബാറ്റര്‍സ്, ഓള്‍ റൗണ്ടര്‍സ്, സ്പിന്നേഴ്‌സ്, ഫാസ്റ്റ് ബൗളേഴ്സ് എന്നിവരുടെ എണ്ണത്തില്‍ മാറ്റം വരരുത്. ഒരു ടീമിന് പ്രത്യേക നേട്ടം അതുമൂലം ഉണ്ടാവരുത്.

2. ഒരു കളിക്കാരന്‍ എപ്പോഴാണോ കണ്‍കഷന്‍ ഇഞ്ചുറി സംഭവിക്കുന്നത്, അതിനുശേഷം ബാക്കി അവശേഷിക്കുന്ന മത്സരത്തില്‍, അയാള്‍ ചെയ്യാന്‍ പോകുന്ന റോളുമായി, ഏറ്റവും അടുത്ത നിക്കുന്ന ഒരാളെ ആവണം പകരക്കാരനാക്കാനാക്കാന്‍. ഒരു ഫാസ്റ്റ് ബൗളര്‍ക്ക് പരിക്ക് പറ്റിയാല്‍, ആ ടീമിന്റെ ബൌളിംഗ് അവസാനിച്ച്, അവര്‍ ബാറ്റ് ചെയ്യുക ആണെങ്കില്‍, അതെ ബാറ്റിംഗ് നിലവാരം ഉള്ള സ്പിന്നറിനെ വേണമെങ്കിലും ഇറക്കാം. (ബാറ്റിംഗ് മാത്രം )
അതെ സമയം, ആ ടീം ബൗള്‍ ചെയ്യാന്‍ ബാക്കി ഉണ്ടെങ്കില്‍, ഒരു കാരണവശാലും സ്പിന്‍ ബൗളറിനെ ഇറക്കാന്‍ ആവില്ല. മറ്റൊരു ഫാസ്റ്റ് ബൗളര്‍ തന്നെ വരണം.

3. ഒരു ഓള്‍റൗണ്ടര്‍ക്ക് വേണമെങ്കില്‍, ഒരു ബാറ്ററിന് പകരം ബാറ്റ് ചെയ്യാന്‍ ഇറങ്ങാം. പക്ഷെ, അയാള്‍ക്ക് ബൗള്‍ ചെയ്യാന്‍ അവകാശം ഇല്ല.

4. ഒരു കളിക്കാരന്റെ റീപ്ലേസ്മെന്റ് തീരുമാനിക്കപെടുമ്പോള്‍, അവശേഷിക്കുന്ന മത്സരത്തില്‍, അയാള്‍ എന്താണോ ചെയ്യുക, അതിനു ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളെ വേണം ഇറക്കാന്‍.

5. മാച്ച് റെഫറിയുടെ തീരുമാനം അന്തിമം ആയിരിക്കും. ഒരു ടീമിനും അത് ചോദ്യം ചെയ്യാന്‍ ആവില്ല.

പൂനെയിലെ കാര്യമെടുത്താല്‍, ദുബെ ബാറ്റ് ചെയ്തു. അവശേഷികുന്ന റോള്‍ എന്നത് ബൗളിംഗ് ആണ്. ദുബേ ടി20 ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ സ്ഥിരമായി നാല് ഓവര്‍ എറിയുന്ന ബൗളര്‍ ആണോ എന്നുള്ളതാ പ്രധാന ചോദ്യം. അത്രയും ബൗളിംഗ് മികവുളള ഉള്ള ബൗളര്‍ ആണൊ? ഹര്‍ഷിത് റാണയെ പോലെ ബൌളിംഗ് സ്‌കില്‍ കൂടുതല്‍ ഉള്ള ഒരാള്‍ ആണൊ ആ റോളില്‍ റീപ്ലേസ്മെന്റ് ആയി വരേണ്ടത്? അങ്ങനെ നോക്കുമ്പോള്‍, ഒരു മുന്‍ തൂക്കം ഇന്ത്യന്‍ ടീമിന് ലഭിച്ചു. എതിര്‍ ടീമിന് മത്സരം നഷ്ടമാവുകയും ചെയ്തു.