മറ്റെല്ലാ വിരലുകളും മടക്കിപ്പിടിച്ച് ചെറുവിരല്‍ മാത്രം ഉയര്‍ത്തി കാണിക്കുന്ന ആംഗ്യത്തിന് പറയുന്നത് പിങ്കി സിഗ്നല്‍ എന്നാണ്

റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനം സെഞ്ചുറിക്ക് ശേഷം ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടും നായകന്‍ ബെന്‍ സ്റ്റോക്‌സും കാട്ടിയ വിചിത്ര ആംഗ്യത്തിന്‍റെ അര്‍ഥം എന്താണ് എന്ന് തിരയുകയാണ് ആരാധകര്‍. സെ‍ഞ്ചുറി തികച്ചതിന് പിന്നാലെ ഹെല്‍മറ്റ് ഊരി ആഘോഷം നടത്തുമ്പോള്‍ ഇംഗ്ലണ്ട് ഡഗൗട്ട് നോക്കി റൂട്ട് ചെറുവിരല്‍ കൊണ്ട ആംഗ്യം കാട്ടുകയായിരുന്നു. ബെന്‍ സ്റ്റോക്‌സും ഇതേസമയം സമാന ആംഗ്യം കാട്ടിയത് ക്യാമറയിലൂടെ ആരാധകര്‍ കണ്ടു. എന്താണ് സത്യത്തില്‍ റൂട്ടും സ്റ്റോക്‌സും കാട്ടിയ സിംഗ്നല്‍. 

മറ്റെല്ലാ വിരലുകളും മടക്കിപ്പിടിച്ച് ചെറുവിരല്‍ മാത്രം ഉയര്‍ത്തി കാണിക്കുന്ന ആംഗ്യത്തിന് പറയുന്നത് പിങ്കി സിഗ്നല്‍ എന്നാണ്. ക്രിക്കറ്റ് മൈതാനത്ത് ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ടും ബെന്‍ സ്റ്റോക്‌സും പിങ്കി സിംഗ്നല്‍ കാട്ടുന്നത് ഇതാദ്യമല്ല എന്നതാണ് ഒരു വസ്തുത. ക്രിക്കറ്റ് ലോകം മുമ്പും ഇവരില്‍ നിന്ന് ഇതേ ആംഗ്യം കണ്ടിട്ടുണ്ട്. 2022 ജൂലൈയില്‍ ഇന്ത്യയെ 245 റണ്‍സില്‍ ഇംഗ്ലണ്ട് പുറത്താക്കിയപ്പോള്‍ 33 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയ ബെന്‍ സ്റ്റോക്സ് ആണ് ഈ മാതൃകയില്‍ ആഘോഷത്തിന് തുടക്കമിട്ടത്. തൊട്ടടുത്ത ദിവസം 28-ാം ടെസ്റ്റ് സെഞ്ചുറി നേടിയ ശേഷം ജോ റൂട്ട് സമാന സിഗ്നല്‍ കാട്ടുകയും ചെയ്തു. മത്സരത്തിന്‍റെ തൊട്ട് തലേന്ന് കണ്ട ഹോളിവുഡ് സിനിമ എല്‍വിസില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് ബെന്‍ സ്റ്റോക്‌സ് പിങ്കി സിഗ്നല്‍ സെലിബ്രേഷന് തുടക്കമിട്ടത്. അമേരിക്കന്‍ റോക്‌സ്റ്റാര്‍ എൽവിസ് പ്രെസ്‌ലിയെ കുറിച്ചുള്ള ജീവചരിത്ര സിനിമയായിരുന്നു എല്‍വിസ്. ചിത്രത്തില്‍ എല്‍വിസ് ചെറുവിരല്‍ ഉയര്‍ത്തിയുള്ള സമാന ആക്ഷന്‍ കാട്ടുന്നുണ്ട്. അന്നും ഇന്നും പരമ്പരയിലെ നിര്‍ണായക മത്സരത്തിലാണ് ബെന്‍ സ്റ്റോക്സും ജോ റൂട്ടും ഈ ആംഗ്യം കാട്ടിയത് എന്ന സാമ്യതയുണ്ട്. 

Scroll to load tweet…

ടീം ഇന്ത്യക്കെതിരായ റാഞ്ചി ടെസ്റ്റില്‍ പിങ്കി സിഗ്നലിലൂടെ മാത്രമല്ല, ഇംഗ്ലണ്ടിനെ രക്ഷിച്ച സെഞ്ചുറിയിലൂടെയും ജോ റൂട്ട് കയ്യടി വാങ്ങുകയാണ്. ആദ്യ ദിനം സ്റ്റംപ് എടുത്തപ്പോള്‍ ഇംഗ്ലണ്ട് 90 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തിട്ടുണ്ട്. ജോ റൂട്ട് 226 പന്തുകളില്‍ 9 ഫോറുകള്‍ സഹിതം 106* റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. ഒരുവേള 112-5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ബെന്‍ ഫോക്‌സ്, ഓലീ റോബിന്‍സണ്‍ എന്നിവര്‍ക്കൊപ്പമുള്ള കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു ജോ റൂട്ട്. ഫോക്സ്-റൂട്ട് സഖ്യം 113 റണ്‍സ് നേടിയപ്പോള്‍ റോബിന്‍സണിനൊപ്പം പുറത്താവാതെ 57* റണ്‍സ് കൂട്ടുകെട്ടുമായാണ് റൂട്ട് ക്രീസില്‍ നില്‍ക്കുന്നത്. 

Read more: കുറ്റി പോയ വഴി കണ്ടില്ല; ഹാര്‍ട്‌ലിയുടെ ഹൃദയം തകര്‍ത്ത് മുഹമ്മദ് സിറാജ് തീയുണ്ട- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം