12 വർഷത്തിന് ശേഷം വിരാട് കോലി വീണ്ടും രഞ്ജി ട്രോഫിയിൽ കളിക്കാനിറങ്ങുന്നു. നാളെ റെയിൽവേസിനെതിരായ മത്സരത്തിലാണ് കോലി ഡൽഹിക്കായി കളിക്കുക. ജിയോ സിനിമയിൽ മത്സരം സൗജന്യമായി കാണാം.

ദില്ലി: നീണ്ട 12 വര്‍ഷത്തിനുശേഷം വിരാട് കോലി വീണ്ടും രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങുകയാണ്. നാളെ റെയില്‍വേസിനെതിരായ രഞ്ജി മത്സരത്തിലാണ് കോലി ഡല്‍ഹിക്കായി ഇറങ്ങുന്നത്. ഇന്ത്യൻ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശവും സമീപകാലത്തെ മോശം ഫോമുമാണ് വിരാട് കോലി രഞ്ജി ട്രോഫി കളിക്കാൻ കാരണമായത്. 2012 നവംബറില്‍ ഉത്തര്‍പ്രദേശിനെതിരെ ആയിരുന്നു വിരാട് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്.

എലൈറ്റ് ഗ്രൂപ്പ് ഡി പോയന്‍റ് പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്തുള്ള ഡല്‍ഹിയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. റെയില്‍വെസാകട്ടെ നാലാം സ്ഥാനത്താണിപ്പോൾ. റെയില്‍വെസിനെതിരായ രഞ്ജി മത്സരം കളിച്ചശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനായി കോലി നാഗ്‌പൂരിലേക്ക് പോകും. ഫെബ്രുവരി ആറിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ആരംഭിക്കുന്നത്.

അണ്ടർ 19 വനിതാ ടി20 ലോകകപ്പ്: സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട് ഇന്ത്യൻ താരം ഗോൺഗാഡി തൃഷ; ഇന്ത്യക്ക് വമ്പന്‍ ജയം

ഡല്‍ഹി-റെയില്‍വേസ് രഞ്ജി മത്സരം എപ്പോള്‍

നാളെ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഡല്‍ഹി-റെയില്‍വേസ് രഞ്ജി മത്സരം തുടങ്ങുക. രാവിലെ 9.30നാണ മത്സരം ആരംഭിക്കുന്നത്.

സൗജന്യമായി കാണാനുള്ള വഴികള്‍

നേരത്തെ ഡല്‍ഹിയുടെ മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം ഇല്ലായിരുന്നു. എന്നാല്‍ വിരാട് കോലി കളിക്കുമെന്ന് ഉറപ്പായതോടെ ബിസിസിഐ ഇടപെട്ട് മത്സരത്തിന്‍റെ തത്സമയ സംപ്രേഷണത്തിനുള്ള സൗകര്യമൊരുക്കുകയായിരുന്നു. ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലും മത്സരം ലൈവ് സ്ട്രീമിംഗിലും തത്സമയം സൗജന്യമായി കാണാനാവും.

റെയില്‍വേസിനെതിരായ മത്സരത്തിനുള്ള ഡൽഹി ടീം: ആയുഷ് ബദോനി (ക്യാപ്റ്റൻ), വിരാട് കോലി, പ്രണവ് രാജ്‌വൻഷി, സനത് സാങ്‌വാൻ, അർപിത് റാണ, മായങ്ക് ഗുസൈൻ, ശിവം ശർമ, സുമിത് മാത്തൂർ, വാൻഷ് ബേദി, മണി ഗ്രേവൽ, ഹർഷ് ത്യാഗി, സിദ്ധാന്ത് ശർമ്മ, നവ്ദീപ് സൈനി, യാഷ് ദുൽ, ഗഗൻ വാട്സ്, ജോൺടി സിദ്ധു, ഹിമ്മത് സിംഗ്, വൈഭവ് കാണ്ഡപാൽ, രാഹുൽ ഗെഹ്ലോട്ട്, ജിതേഷ് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക