മെല്‍ബണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലി കരിയറിലെ ഏഴാം ഡബിള്‍ സെഞ്ചുറി കുറിച്ച് റെക്കോര്‍ഡിട്ട ദിവസം പൂജ്യത്തിന് പുറത്തായി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡിലാണ് സ്മിത്ത് പൂജ്യത്തിന് പുറത്തായത്. 2016 നവംബറിനുശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്മിത്ത് പൂജ്യനായി പുറത്താവുന്നതും ഇതാദ്യമാണ്.

ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ മിന്നുന്ന ഫോമിലായിരുന്ന സ്മിത്ത് നാലു ടെസ്റ്റില്‍ നിന്ന് 774 റണ്‍സടിച്ച് റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സിനായി ക്രീസിലിറങ്ങിയ സ്മിത്തിന് നേരിട്ട അഞ്ചാം പന്തില്‍ പുറത്തായി. അമേരിക്കന്‍ പേസര്‍ കാമറൂണ്‍ ഗാനണ്‍ ആണ് സ്മിത്തിനെ വീഴ്ത്തിയത്.

ആഷസ് പരമ്പരയിലെ അസാമാന്യ പ്രകടനത്തിന്റെ കരുത്തില്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോലിയെ പിന്തള്ളി സ്മിത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരുവര്‍ഷത്തെ വിലക്കിനുശേഷം ആഷസിലൂടെയാണ് സ്മിത്ത് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.