അയര്‍ലന്‍ഡ് ബാറ്റിംഗിനിറങ്ങിയപ്പോഴാണ് വിജയലക്ഷ്യം 226 റണ്‍സെന്ന് ടിവി സ്ക്രീനിലും ക്രിക്കറ്റ് വെബ്സൈറ്റുകളുമെല്ലാം മാറ്റിയിരിക്കുന്നത് പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇന്ത്യ നേടിയ രണ്ട് റണ്‍സ് എവിടെപ്പോയെന്ന സംശയമായി ആരാധകര്‍ക്ക്. ഇന്ത്യക്ക് രണ്ട് റണ്‍സ് പിഴ വിധിച്ചതാണോ, റണ്‍പൂര്‍ത്തിയാകാത്തതാണോ എന്നുള്ള ചര്‍ച്ചകളെല്ലാം ഇതിനിടക്ക് നടന്നു.

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ(Ireland vs India) രണ്ടാം മത്സരത്തില്‍ ഇന്ത്യ ആവേശജയം സ്വന്തമാക്കി പരമ്പര തൂത്തുവാരിയെങ്കിലും ആരാധകര്‍ക്ക് ഒരു കാര്യത്തില്‍ ഇപ്പോഴും സംശയം മാറിയിട്ടില്ല. ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായ ഉടന്‍ ഇന്ത്യയുടെ ടീം ടോട്ടല്‍ 227-7 എന്നായിരുന്നു മത്സരത്തിന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സോണി ലിവിലും മറ്റ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റുകളിലും നല്‍കിയത്.

സ്വാഭാവികമായും അയര്‍ലന്‍ഡിന്‍റെ വിജയലക്ഷ്യം 228 റണ്‍സെന്ന് ആരാധകര്‍ ധരിക്കുകയും ചെയ്തു. എന്നാല്‍ അയര്‍ലന്‍ഡ് ബാറ്റിംഗിനിറങ്ങിയപ്പോഴാണ് വിജയലക്ഷ്യം 226 റണ്‍സെന്ന് ടിവി സ്ക്രീനിലും ക്രിക്കറ്റ് വെബ്സൈറ്റുകളുമെല്ലാം മാറ്റിയിരിക്കുന്നത് പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇന്ത്യ നേടിയ രണ്ട് റണ്‍സ് എവിടെപ്പോയെന്ന സംശയമായി ആരാധകര്‍ക്ക്. ഇന്ത്യക്ക് രണ്ട് റണ്‍സ് പിഴ വിധിച്ചതാണോ, റണ്‍പൂര്‍ത്തിയാകാത്തതാണോ എന്നുള്ള ചര്‍ച്ചകളെല്ലാം ഇതിനിടക്ക് നടന്നു.

ആന്‍ഡേഴ്സണ്‍ തിരിച്ചെത്തി; ഇന്ത്യക്കെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

എന്നിട്ടും ഇക്കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരം എവിടെനിന്നും ലഭിച്ചിരുന്നില്ല. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ ജയിച്ചത് വെറും നാലു റണ്‍സിനായിരുന്നു. ഒരു റണ്‍സ് തോല്‍വി വല്ലതുമായിരുന്നെങ്കില്‍ വിവാദമാകുമായിരുന്ന തീരുമാനത്തിന് കാരണം ബ്രോഡ്കാസ്റ്റര്‍മാരായ സോണി ലിവിന്‍റെ പിഴവാണെന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന വിശദീകരണം.

ഇന്ത്യന്‍ ഇന്നിംഗ്സിലെ ഇരുപതാം ഓവറിലെ ആദ്യ പന്ത് നേരിട്ട ഹാര്‍ദ്ദിക് പാണ്ഡ്യ പന്ത് ലോംഗ് ഓണിലേക്ക് അടിച്ചു. ആന്‍ഡ്ര്യു ബില്‍ബിറിന്‍ ഫീല്‍ഡ് ചെയ്ത പന്ത് തിരികെ കീപ്പര്‍ക്ക് എറിഞ്ഞുകൊടുത്തു. എന്നാല്‍ രണ്ടാം പന്തിലും ഹാര്‍ദ്ദിക് സ്ട്രൈക്ക് ചെയ്യുന്നത് കണ്ട് ആദ്യ പന്തില്‍ ഹാര്‍ദ്ദിക് രണ്ട് റണ്‍സ് ഓടിയെന്ന് കരുതി സോണി ലിവ് സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ പന്തില്‍ ഹാര്‍ദ്ദിക് റണ്‍സെടുത്തിരുന്നില്ല.

കനത്ത മഴയും കാറ്റും, ഗോള്‍ സ്റ്റേഡിയത്തില്‍ സ്റ്റാന്‍ഡ് തകർന്നു; ഒഴിവായത് വന്‍ ദുരന്തം

ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം ഔദ്യോഗിക സ്കോറര്‍മാരുമായി സ്കോര്‍ ഒത്തുനോക്കിയപ്പോഴാണ് സോണി ലിവ് അബദ്ധം തിരിച്ചറിഞ്ഞത്. ഇതോടെ ടീം ടോട്ടല്‍ 225-7 എന്നാക്കി അവര്‍ തിരുത്തി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ദീപക് ഹൂഡയുടെ സെഞ്ചുറിയുടെയും മലയാളി താരം സഞ്ജു സാംസണിന്‍റെ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ 225 റണ്‍സടിച്ചത്.