കൊല്‍ക്കത്ത:ആഷസ് പരമ്പരയിലെ മിന്നും പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്ത് വീണ്ടും വിരാട് കോലിയോ സ്റ്റീവ് സ്മിത്തോ മികച്ചവനെന്ന ചര്‍ച്ചകള്‍ സജീവമാണ്. ഒരുവര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ സ്മിത്ത് ആഷസ് പരമ്പരയില്‍ കളിച്ച നാലു ടെസ്റ്റില്‍ നിന്നായി 700ല്‍ അധികം റണ്‍സടിച്ചുകൂട്ടി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കോലിയെ പിന്തള്ളി ഒന്നാമനാവുകയും ചെയ്തിരുന്നു.

എന്നാല്‍ കോലിയോ സ്മിത്തോ മികച്ചവനെന്ന ചോദ്യത്തിന് അര്‍ത്ഥമില്ലെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ അഭിപ്രായം. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഇത്. പ്രകടനമാണ് എല്ലാത്തിന്റെയും മാനദണ്ഡം. അതുവെച്ചുനോക്കിയാല്‍ കോലിയാണ് ഈ സമയം ലോകത്തിലെ ഏറ്റവും മികച്ചവന്‍. അത് നമുക്കെല്ലാം സന്തോഷം തരുന്ന കാര്യമാണ്.

അപ്പോള്‍ സ്മിത്തോ എന്ന ചോദ്യത്തിന് അദ്ദേഹന്റെ റെക്കോര്‍ഡുകള്‍ തന്നെയാണ് അതിനുള്ള ഉത്തരമെന്നായിരുന്നു ഗാംഗുലിയുടെ മറുപടി. ഇത്രയും കുറഞ്ഞ ടെസ്റ്റുകളില്‍ 26 ടെസ്റ്റ് സെഞ്ചുറികള്‍, അനുപമമാണ് സ്മിത്തിന്റെ റെക്കോര്‍ഡെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യന്‍ പരിശീലകനാവുമോ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ കോച്ച് കാലാവധി പൂര്‍ത്തിയാക്കട്ടെ എന്നിട്ട് അടുത്ത കോച്ചിനെക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു ഗാംഗുലിയുടെ മറുപടി. താനിപ്പോള്‍ ഡല്‍ഹിയുടെ പരിശീലകനാണെന്നും അവര്‍ കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയെന്നും ഗാംഗുലി പറഞ്ഞു.