അഞ്ചാം വയസ്സില്‍ ഖോ ഖോ കളിക്കാന്‍ തുടങ്ങിയ പ്രിയങ്ക കഴിഞ്ഞ 15 വര്‍ഷമായി വലിയ അഭിനിവേശത്തോടെ കായികയിനത്തെ കാണുന്നത്.
മുംബൈ: ദില്ലി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ജനുവരി 13 മുതല്‍ 19 വരെ നടക്കാനിരിക്കുന്ന ഖോ ഖോ ലോകകപ്പ് പുരുഷ-വനിതാ ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രഥമ ഖോ ഖോ ലോകകപ്പില്‍ പുരുഷ ടീമിന്റെ ക്യാപ്റ്റനായി പ്രതീക് വൈക്കറിനെ നിയമിച്ചപ്പോള്‍, പ്രിയങ്ക ഇംഗ്ലെയെ വനിതാ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടതിലുള്ള സന്തോഷം അവര്‍ പങ്കുവെക്കുകയും ചെയ്തു. ''ഇത് ആദ്യ ലോകകപ്പാണ്, എന്നെ വനിതാ ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷം. വരും വര്‍ഷങ്ങളില്‍ ഖോ ഖോ ഈ രാജ്യത്ത് വളരും, ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് അല്ലെങ്കില്‍ ഒളിമ്പിക്സില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കാവുന്നതിനാല്‍ ജൂനിയര്‍ താരങ്ങള്‍ കഠിനമായി പരിശീലിക്കണം.'' ഇംഗ്ലെ പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷമായി ഇന്ത്യയെ പ്രതിനിധീകരിച്ച പ്രിയങ്ക ഇംഗ്ലെ ഏറെ പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റിന് വേണ്ടി കാത്തിരിക്കുന്നത്.
പ്രിയങ്ക ഇംഗ്ലെയെ കുറിച്ച് അറിയാം
അഞ്ചാം വയസ്സില്‍ ഖോ ഖോ കളിക്കാന്‍ തുടങ്ങിയ പ്രിയങ്ക കഴിഞ്ഞ 15 വര്‍ഷമായി വലിയ അഭിനിവേശത്തോടെ കായികയിനത്തെ കാണുന്നത്. കാര്‍ഷിക കുടുംബത്തില്‍ നിന്നാണ് താരത്തിന്റെ വരവ്. വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും, രാജ്യത്തെ ഏറ്റവും മികച്ച ഖോ ഖോ കളിക്കാരിലൊരാളായി ഉയര്‍ന്നുവരാന്‍ ഇംഗ്ലെയ്ക്ക് സാധിച്ചു. സബ് ജൂനിയര്‍ നാഷണല്‍ ഖോ ഖോ ടൂര്‍ണമെന്റിലെ മിന്നുന്ന പ്രകടനം നടത്തിയ താരം മഹാരാഷ്ട്രയില്‍ വലിയ പ്രശസ്തി നേടി. 2022-ല്‍, സീനിയര്‍ നാഷണല്‍സിലെ പ്രകടനത്തിന് പ്രിയങ്ക ഇംഗ്ലെയ്ക്ക് റാണി ലക്ഷ്മിഭായ് അവാര്‍ഡ് ലഭിച്ചു.
2016ലെ ഏഷ്യന്‍ ഖോ ഖോ ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യയ്ക്കൊപ്പം സ്വര്‍ണം നേടിയതാണ് പ്രിയങ്കയുടെ വലിയ നേട്ടം. ടൂര്‍ണമെന്റിന്റെ 2022-23 പതിപ്പില്‍ ഇന്ത്യന്‍ വനിതാ ടീമിനൊപ്പം പ്രിയങ്ക വെള്ളി മെഡല്‍ നേടിയിരുന്നു. 12 വയസ്സ് മുതല്‍ ദേശീയ തലത്തില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുന്നുണ്ട് പ്രിയങ്ക. തന്റെ കരിയറില്‍ ഇതുവരെ 23 ദേശീയ ടൂര്‍ണമെന്റുകളില്‍ പ്രിയങ്ക പങ്കെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ വനിതാ ടീം:
പ്രിയങ്ക ഇംഗ്ലെ (ക്യാപ്റ്റന്‍), അശ്വിനി ഷിന്‍ഡെ, രേഷ്മ റാത്തോഡ്, ഭിലാര്‍ ദേവ്ജിഭായ്, നിര്‍മല ഭാട്ടി, നീതാ ദേവി, ചൈത്ര ആര്‍., ശുഭശ്രീ സിംഗ്, മഗൈ മാജി, അന്‍ഷു കുമാരി, വൈഷ്ണവി ബജ്റംഗ്, നസ്രീന്‍ ഷെയ്ഖ്, മീനു, മോണിക്ക, നാസിയ ബീബി.

