സര്‍ഫറാസും വാഷിങ്ടണ്‍ സുന്ദറും ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. എന്നാല്‍ സൗരഭ് കുമാറിനെ അതികമാര്‍ക്കും അറിയണമെന്നില്ല.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ എന്‍ട്രി ലഭിച്ച സൗരഭ് കുമാര്‍ ആരാണ്. മുപ്പതാം വയസില്‍ ഇന്ത്യന്‍ ടീമിലെത്തുന്ന ഈ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനാകുമോ എന്നാണ് ആകാംഷ. കെ എല്‍ രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റതോടെയാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പകരക്കാരെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. സര്‍ഫറാസ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍ എന്നിവരെയാണ് ടീമിലെത്തിച്ചത്. 

സര്‍ഫറാസും വാഷിങ്ടണ്‍ സുന്ദറും ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. എന്നാല്‍ സൗരഭ് കുമാറിനെ അതികമാര്‍ക്കും അറിയണമെന്നില്ല. 30 വയസ്സുള്ള സൗരഭ് ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്ര ദേശിനു വേണ്ടിയാണ് കളിക്കുന്നത്. ജഡേജയെപ്പോലെ സ്പിന്‍ ബൗളിംഗിലും ബാറ്റിംഗിലും മികവ് തെളിയിച്ച താരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ നിന്ന് 2061 റണ്‍സും 290 വിക്കറ്റുകളും സൗരഭിന്റെറ പേരിലുണ്ട്. ഇംഗ്ലണ്ട് ലയണ്‍സ് ടീമിനെതിരെ ഇന്ത്യ എയ്ക്കു വേണ്ടി നടത്തിയ പ്രകടനമാണ് സീനിയര്‍ ടീമിലേക്കു താരത്തെ എത്തിച്ചത്. 

അര്‍ധ സെഞ്ച്വറിയുമായി ബാറ്റിംഗിലും 6 വിക്കറ്റുകളുമായി ബൗളിംഗിലും തിളങ്ങി. 2014 മുതല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സൗരഭ് കുമാര്‍ സജീവമാണ്. 2021 ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ്് താരത്തെ ടീമിലെടുത്തു. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ അരങ്ങേറാനായില്ല. 2021ല്‍ ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയില്‍ നെറ്റ് ബോളറായി സൗരഭ് കുമാറുമുണ്ടായിരുന്നു. ഇതാദ്യമായല്ല സൗരഭ് കുമാറിനെ ഇന്ത്യന്‍ ടീമിലെടുക്കുന്നത്. 

2022 ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ബംഗ്ലദേശിനെതിരായ പരമ്പരയിലും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്ലേയിങ് ഇലവനില്‍ താരത്തിന് അവസരം കിട്ടിയില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ സ്പിന്‍ കരുത്തിന് മുന്‍തൂക്കം നല്‍കിയാല്‍ സൗരഭിന് ഇന്ത്യന്‍ ജേഴ്‌സില്‍ അരങ്ങേറ്റം.