പരിക്കില്‍ നിന്ന് മോചിതനായി പാറ്റ് കമ്മിന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് തിരിച്ചെത്തുകയാണ്. എന്നാല്‍, കമ്മിന്‍സിന്റെ അഭാവത്തില്‍ ടീമിനെ വിജയകരമായി നയിച്ച ഇഷാന്‍ കിഷനെ നായകസ്ഥാനത്ത് നിലനിര്‍ത്തണമെന്ന് ഹര്‍ഭജന്‍ സിംഗ്, സഞ്ജയ് ബംഗാര്‍ തുടങ്ങിയ മുന്‍ താരങ്ങള്‍ ആവശ്യപ്പെടുന്നു. 

ഹൈദരാബാദ്: ഐപിഎല്‍ 2026 സീസണ്‍ പകുതി പിന്നിടുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരു വലിയ തീരുമാനത്തിന് മുന്നിലാണ്. പരിക്കിനെത്തുടര്‍ന്ന് വിട്ടുനിന്ന ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍, നിലവില്‍ ടീമിനെ നയിക്കുന്ന ഇഷാന്‍ കിഷനെ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. കഴിഞ്ഞ വര്‍ഷം കമ്മിന്‍സിന്റെ കീഴില്‍ ഫൈനലില്‍ എത്തിയ ഹൈദരാബാദിന് ഈ സീസണിന്റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. എന്നാല്‍ കമ്മിന്‍സിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ഇഷാന്‍ കിഷന്‍ ടീമിനെ വിജയവഴിയില്‍ തിരിച്ചെത്തിച്ചു.

അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും വിജയിച്ച് ഹൈദരാബാദ് കരുത്ത് കാട്ടി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഡല്‍ഹി ക്യാപിറ്റല്‍സിനുമെതിരായ ആധികാരിക വിജയങ്ങള്‍ കിഷന്റെ നായകമികവിന് അടിവരയിടുന്നു. കമ്മിന്‍സ് തിരിച്ചെത്തിയാലും ഇഷാന്‍ കിഷനെ മാറ്റരുത് എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗിന്റെ അഭിപ്രായം. ''ടീം ഇപ്പോള്‍ കിഷന്റെ കീഴില്‍ കൃത്യമായ ഒരു താളം കണ്ടെത്തിയിട്ടുണ്ട്. ബൗളര്‍മാരും മറ്റ് കളിക്കാരും കിഷനുമായി നല്ല ഏകോപനത്തിലാണ്. അതുകൊണ്ട് തന്നെ യുവനേതൃത്വത്തെ പിന്തുണയ്ക്കുന്നതാണ് ടീമിന് ഗുണകരം.'' ഹര്‍ഭജന്‍ വ്യക്തമാക്കി.

മുന്‍ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാറും ഇതേ നിലപാടാണ് പങ്കുവെച്ചത്. കിഷന്റെ തന്ത്രപരമായ തീരുമാനങ്ങളെ അദ്ദേഹം പ്രശംസിച്ചു... ''ഏത് ബാറ്റര്‍ക്കെതിരെ ഏത് ബൗളറെ ഉപയോഗിക്കണമെന്ന് കിഷന് കൃത്യമായ ബോധ്യമുണ്ട്. മൈതാനത്ത് ഒട്ടും പരിഭ്രമിക്കാതെ പക്വതയോടെയാണ് കിഷന്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. നടുവിനേറ്റ പരിക്കിന് ശേഷം തിരിച്ചെത്തുന്ന കമ്മിന്‍സിന് സീസണിലുടനീളം പൂര്‍ണ്ണ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ചോദ്യം ബാക്കിയാണ്.'' ബംഗാര്‍ പറഞ്ഞു.

യുവതാരങ്ങളുടെ വരവ്

അണ്‍ക്യാപ്ഡ് താരങ്ങളായ പ്രഫുല്‍ ഹിംഗെ, സാക്കിബ് ഹുസൈന്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഹൈദരാബാദിന്റെ തിരിച്ചുവരവില്‍ നിര്‍ണ്ണായകമായത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ കിഷന്‍ നല്‍കുന്ന സ്വാതന്ത്ര്യവും ആത്മവിശ്വാസവുമാണ് തന്റെ പ്രകടനത്തിന് പിന്നിലെന്ന് സാക്കിബ് സാക്ഷ്യപ്പെടുത്തുന്നു. ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ പാറ്റ് കമ്മിന്‍സ് ലഭ്യമാകുമെന്നാണ് സൂചന. സീസണിലെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, പരിചയസമ്പന്നനായ കമ്മിന്‍സിനെ വീണ്ടും നായകനാക്കണോ അതോ ഫോമിലുള്ള കിഷനെ തുടരാന്‍ അനുവദിക്കണോ എന്നത് ഹൈദരാബാദ് മാനേജ്മെന്റിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.

YouTube video player