റിങ്കു സിംഗാകും ഫിനിഷറായി എത്തുക. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ ആദ്യ മത്സരത്തില്‍ പുറത്തിരിക്കാനാണ് സാധ്യത.

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോലി പിന്‍മാറി. ഞായറാഴ്ച ഇന്‍ഡോറില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ കോലി കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോലിയുടെ അഭാവത്തില്‍ ആരാകും മൂന്നാം നമ്പറിലെത്തുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ഇടം കൈ-വലം കൈ ഓപ്പണിംഗ് സഖ്യമെന്ന നിലയില്‍ യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തന്നെയാകും ആദ്യ മത്സരത്തില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുക. കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ എത്താനാണ് സാധ്യത. ഗില്‍ കളിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ ഇറക്കുന്ന കാര്യവും ടീം മാനേജ്മെന്‍റ് പരിഗണിക്കും. എങ്കിലും ഗില്ലിന് തന്നെയാണ് മൂന്നാം നമ്പറില്‍ കൂടുതല്‍ സാധ്യതയെന്ന് മത്സരത്തലേന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് നല്‍കുന്ന സൂചന.

ബാറ്റിംഗിനിടെ പിച്ചില്‍ കുഴഞ്ഞുവീണ് 34കാരൻ, ഓടിയെത്തി സിപിആര്‍ നല്‍കി എതിര്‍ ടീം താരങ്ങൾ; ഒടുവില്‍ മരണം-വീഡിയോ

ഗില്‍ മൂന്നാം നമ്പറിലെത്തിയാല്‍ നാലാം നമ്പറില്‍ മറ്റൊരു ഇടം കൈയനായ തിലക് വര്‍മ കളിക്കും. കോലിയും രോഹിത്തും ടീമിന് മഹത്തായ സംഭാവനകള്‍ നല്‍കിയ താരങ്ങളാണെന്നും അവരുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നും പറഞ്ഞ ദ്രാവിഡ് തിലക് വര്‍മയെയും യശസ്വി ജയ്സ്വാളിനെയും പോലുള്ള താരങ്ങള്‍ ടീമിന് മറ്റൊരു തലം സമ്മാനിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഗില്‍ മൂന്നാം നമ്പറില്‍ കളിച്ചാല്‍ മലയാളി താരം സഞ്ജു സാംസണ്‍ അഞ്ചാം നമ്പറിലെത്തും.

റിങ്കു സിംഗാകും ഫിനിഷറായി എത്തുക. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ ആദ്യ മത്സരത്തില്‍ പുറത്തിരിക്കാനാണ് സാധ്യത. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്സര്‍ പട്ടേലാകും സ്പിന്‍ ഓള്‍ റൗണ്ടറായി ഏഴാം നമ്പറില്‍ ഇറങ്ങുക. സ്പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയ് എത്തുമ്പോള്‍ പേസര്‍മാരായി അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരും പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക