1996ല്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടന്ന ലോകകപ്പിലാകട്ടെ ആതിഥേയരല്ല ഉദ്ഘാടന മത്സരം കളിച്ചത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്.

മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം ഇന്നലെ പുറത്തു വന്നപ്പോള്‍ ആരാധകരില്‍ സ്വാഭാവികമായും ഉണ്ടായ സംശയമാണ് ആതിഥേയരായിട്ടും ഇന്ത്യ എന്തുകൊണ്ട് ഉദ്ഘാടന മത്സരം കളിക്കുന്നില്ല എന്നത്. ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം കളിക്കുന്നത്. ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യ ആദ്യ മത്സരം കളിക്കാനിറങ്ങുന്നത്.

എന്നാല്‍ ഏകദിന ലോകകപ്പിന്‍റെ ചരിത്രെമെടുത്താല്‍ ഉദ്ഘാടന മത്സരത്തില്‍ കൂടുതല്‍ തവണയും കളിച്ചിട്ടുള്ളത് ആതിഥേയരാണെങ്കിലും ആതിഥേയരോ നിലവിലെ ചാമ്പ്യന്‍മാരോ ഉദ്ഘാടന മത്സരം കളിക്കണമെന്ന നിര്‍ബന്ധമോ കീഴ്‌വഴക്കമോ ഇല്ലെന്നതാണ് വസ്തുത. ആദ്യ മൂന്ന് ഏകദിന ലോകകപ്പുകള്‍ക്കും വേദിയായത് ഇംഗ്ലണ്ടായിരുന്നു. 1975ലെ ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ആദ്യ മത്സരം കളിച്ചത്. 1979ലും ഇംഗ്ലണ്ട് ഉദ്ഘാടന മത്സരം കളിച്ചു. ഓസ്ട്രേലിയ ആയിരുന്നു എതിരാളികള്‍. 1983ല്‍ പക്ഷെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്. 1987ല്‍ ഇന്ത്യയിലും പാക്കിസ്ഥാനിലുമായാണ് ലോകകപ്പ് നടന്നത്. അന്ന് ആദ്യ മത്സരത്തില്‍ ആതിഥേയരെന്ന നിലയില്‍ പാക്കിസ്ഥാനാണ് ഉദ്ഘാടന മത്സരം കളിച്ചത്.

1992ല്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന ലോകകപ്പില്‍ ഉദ്ഘാടന മത്സരം കളിച്ചത് ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലായിരുന്നു. 1996ല്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടന്ന ലോകകപ്പിലാകട്ടെ ആതിഥേയരല്ല ഉദ്ഘാടന മത്സരം കളിച്ചത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്. എന്നാല്‍ 1999ല്‍ ഇംഗ്ലണ്ടില്‍ ലോകകപ്പ് നടന്നപ്പോള്‍ ആതിഥേയരെന്ന നിലയില്‍ ഇംഗ്ലണ്ട് തന്നെ ഉദ്ഘാടന മത്സരം കളിച്ചു. ശ്രീലങ്കയായിരുന്ന എതിരാളികള്‍. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഉദ്ഘാടന മത്സരം ആതിഥേയരായ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരുന്നു.

ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കാനൊരുങ്ങി ഇന്ത്യ

2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഉദ്ഘാടന മത്സരം വെസ്റ്റ് ഇന്‍ഡീസും പാക്കിസ്ഥാനും തമ്മിലായിരുന്നു. 2015ല്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും ആതിഥേയരായപ്പോഴും ഉദ്ഘാടന മത്സരം കളിച്ചത് ന്യൂസിലന്‍ഡായിരുന്നു. ശ്രീലങ്കയായിരുന്നു എതിരാളികള്‍. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഉദ്ഘാടന മത്സരം കളിച്ചതും ആതിഥേയരായ ഇംഗ്ലണ്ട് തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികള്‍.