ഇന്നിങ്സിന്‍റെ രണ്ടാം പകുതിയിലെ ഹാർദിക് പാണ്ഡ്യയുടെ മികവിനേക്കാളും ടീം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നത് ബൗളിങ്ങിലെ സ്ഥിരതയാണ്
ദുബായ്: ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പ് വരെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാർദിക് പാണ്ഡ്യക്ക് പരിക്കേൽക്കാതെ സംരക്ഷിക്കുക ഇന്ത്യൻ ടീം മാനേജ്മെന്‍റിന് വെല്ലുവിളിയാണ്. ഇന്ത്യയുടെ അടുത്ത ടി20 പരമ്പരകളിൽ ഹാർദിക്കിന് വിശ്രമം നൽകണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഏഷ്യാ കപ്പിന് തൊട്ടുപിന്നാലെ ഓസീസിനെതിരെ ഇന്ത്യക്ക് ടി20 പരമ്പരയുണ്ട്.
ഇന്നിങ്സിന്‍റെ രണ്ടാം പകുതിയിലെ ഹാർദിക് പാണ്ഡ്യയുടെ മികവിനേക്കാളും ടീം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നത് ബൗളിങ്ങിലെ സ്ഥിരതയാണ്. എല്ലാ കളിയിലും 4 ഓവർ എറിയുകയും കൂട്ടുകെട്ട് പൊളിക്കുകയും ചെയ്യുന്ന ഹാർദിക് ആണ് ടീമിന്‍റെ ഏറ്റവും വലിയ കരുത്ത്. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പിൽ പരിക്ക് കാരണം ഹാർദിക് ബൗൾ ചെയ്യാതിരുന്നത് ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമായിരുന്നു. ഏത് സമയത്തും പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നതാണ് ഹാർദിക്കിന്‍റെ പ്രധാന ദൗർബല്യം. അതിനാൽ ഒക്ടോബറിലെ ലോകകപ്പിന് മുൻപ് അപ്രധാനമായ പരമ്പരകളിൽ ഹാർദിക്കിന് വിശ്രമം നൽകുന്നത് ഉചിതമാകും.
ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയക്കുമെതിരെ നാട്ടിൽ നടക്കുന്ന പരമ്പരകളിൽ ഹാർദിക്കിന് വിശ്രമം നൽകണമെന്ന വാദം ശക്തമാണ്. 9 വർഷമായി ഐസിസി കിരീടങ്ങളില്ലാത്ത ഇന്ത്യക്ക് ഓസ്ട്രേലിയയിൽ സ്റ്റാർ ഓൾറൗണ്ടറുടെ അഭാവത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. ടീമില്‍ താനുണ്ടാക്കുന്ന പ്രതിഫലം എന്താണ് ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ഒറ്റ മത്സരം കൊണ്ട് ഹാര്‍ദിക് തെളിയിച്ചുകഴിഞ്ഞു. മത്സരത്തില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റും 17 പന്തില്‍ പുറത്താകാതെ 33* റണ്‍സുമെടുത്ത് ഹാര്‍ദിക് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ അടുത്ത ആഴ്ച ആദ്യം പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 11നാണ് ഏഷ്യാ കപ്പ് ഫൈനല്‍. ഇത് കഴിഞ്ഞ് സെപ്റ്റംബര്‍ 20 മുതലാണ് ഓസ്ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര തുടങ്ങുന്നത്. പരമ്പരയ്‌ക്കായി 18-19 അംഗ ടീമിനെയാകും സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുക എന്നാണ് സൂചന. ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പിച്ചവരെല്ലാം ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ടീമിലുണ്ടാകും എന്ന് നേരത്തെ സൂചനകള്‍ പുറത്തുവന്നിരുന്നു. ഓസ്‌ട്രേലിയ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വേദിയാവുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഈ മാസം 15നകം പ്രഖ്യാപിക്കേണ്ടതുണ്ട്.
ഏഷ്യാ കപ്പ്: സൂപ്പർഫോറിലെത്താന്‍ ഇന്ത്യ, എതിരാളികള്‍ ഹോങ്കോങ്; റിഷഭ് പന്ത് ഇലവനിലെത്തും
