ഐപിഎല്‍ പതിനഞ്ചാം സീസണിന് മുംബൈയും പുനെയുമായിരിക്കും വേദികൾ എന്നാണ് സൂചന

മുംബൈ: ഇന്ത്യന്‍ പ്രീമിയർ ലീഗിന്‍റെ 15-ാം സീസണ്‍ (IPL 2022) കൊവിഡ് ആശങ്കകള്‍ക്കിടയിലും (Covid-19) ഇന്ത്യയില്‍ തന്നെ അരങ്ങേറുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ (BCCI) സെക്രട്ടറി ജയ് ഷാ ( Jay Shah). മാർച്ച് അവസാന വാരം ആരംഭിക്കുന്ന സീസണ്‍ മെയ് അവസാനം വരെ നീളുമെന്നും അദേഹം വ്യക്തമാക്കി. മുംബൈ പ്രധാന വേദിയായി പരിഗണിക്കുന്ന മത്സരങ്ങൾ കാണികളില്ലാതെയാവും നടക്കുക എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. 

'ഐപിഎല്‍ 2022 മാർച്ച് അവസാന ആഴ്ച മുതല്‍ മെയ് അവസാനം വരെ നടക്കും. ടൂർണമെന്‍റ് ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കാന്‍ ഭൂരിഭാഗം ടീം ഉടമകളും താല്‍പര്യം അറിയിക്കുകയായിരുന്നു. അഹമ്മദാബാദ്, ലക്നോ ഫ്രാഞ്ചൈസികള്‍ കൂടിയെത്തുന്ന എഡിഷന്‍ ഇന്ത്യയില്‍ നടത്താന്‍ ബിസിസിഐയും ആഗ്രഹിക്കുന്നു. കൊവിഡിന്‍റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തില്‍ വേണ്ട ആരോഗ്യ മുന്‍കരുതലുകളും സുരക്ഷയും ഉറപ്പാക്കും. മെഗാ താരലേലം ഫെബ്രുവരി 12-13 തിയതികളില്‍ നടക്കും' എന്നും ജയ് ഷാ വാർത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

ഐപിഎല്‍ പതിനഞ്ചാം സീസണിന് മുംബൈയും പുനെയുമായിരിക്കും വേദികൾ എന്നാണ് സൂചന. മത്സരങ്ങളില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. വരും സീസണ്‍ മാർച്ച് 27നാരംഭിക്കാനാണ് ബിസിസിഐ പദ്ധതിയെന്നാണ് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസിന്‍റെ റിപ്പോർട്ട്. മുന്‍ നിശ്ചയിച്ചതിന് ഒരാഴ്ച മുമ്പാണിത്. 

മെഗാ ലേലത്തില്‍ ആകെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1214 കളിക്കാരാണെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളും 318 പേര്‍ വിദേശ കളിക്കാരുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിലെ 41 താരങ്ങളും ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎല്ലിന്‍റെ ആകർഷണമായിരുന്ന ക്രിസ് ഗെയ്ല്‍ ഇത്തവണ ടൂർണമെന്‍റിനെത്തില്ല. മെഗാ താരലേലത്തില്‍ മലയാളി പേസർ എസ് ശ്രീശാന്തും പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

IPL 2022 : ഐപിഎല്‍ 2022ന് ഇന്ത്യ വേദി, സ്ഥിരീകരിച്ച് വാർത്താ ഏജന്‍സി; ഒപ്പം ആരാധകർക്ക് നിരാശയും