മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിനെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ളം സംഘം തെരഞ്ഞെടുത്തപ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയത് ഫീല്‍ഡിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം ജോണ്ടി റോഡ്സിന്റെ പേരുണ്ടോ എന്നായിരുന്നു. എന്നാല്‍ നിലവിലെ ഫീല്‍ഡിംഗ് പരിശീലകനായ ആര്‍ ശ്രീധറിനെ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ച സെലക്ഷന്‍ കമ്മിറ്റി രണ്ടാമത്തെയും മൂന്നാമത്തെയും പേരുകാരനായി പോലും റോഡ്സിനെ പരിഗണിച്ചില്ലെന്നതും ആരാധകരെ അത്ഭുതപ്പെടുത്തി. എന്നാല്‍ ഇതിനുള്ള കാരണം തുറന്നുപറയുകയാണ് എം എസ് കെ പ്രസാദ്.

ഫീല്‍ഡിംഗ് പരിശീലകനായി ആര്‍ ശ്രീധറെ നിലനിര്‍ത്താന്‍ തീരുമാനിച്ചരുന്നു. ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് നിലവാരം ഉയര്‍ത്തുന്നതില്‍ ശ്രീധര്‍ വലിയ സംഭാവനയാണ് നല്‍കിയത്. മൂന്ന് പേരുടെ ചുരുക്കപ്പട്ടികയില്‍ രണ്ടാമത്തെ പേരുകാരനായി അഭയ് ശര്‍മയും, മൂന്നാമനായ ടി ദിലീപുമാണ് ഇടം പിടിച്ചത്. ഇതിന് കാരണം പട്ടികയിലെ രണ്ടും മൂന്നും പേരുകാരെ അണ്ടര്‍ 19 ടീം, ദേശീയ ക്രിക്കറ്റ് അക്കാദമി എന്നിവിടങ്ങളിലെ ഫീല്‍ഡിംഗ് പരിശീലകരായി പരിഗണിക്കുമെന്നതാണ്. അതിനാലാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടികയില്‍പോലും റോഡ്സിന്റെ പേരില്ലാതിരുന്നതെന്നും പ്രസാദ് പറഞ്ഞു.

ഫീല്‍ഡിംഗ് പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുടെ ക്യാച്ചിംഗ് മെച്ചപ്പെടുത്താനായിരിക്കും താന്‍ കൂടുതല്‍ ശ്രദ്ധിക്കുകയെന്ന് റോഡ്സ് നേരത്തെ പറഞ്ഞിരുന്നു. റോഡ്സ് ഉള്‍പ്പടെ ഒമ്പത് പേരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നത്. ബാറ്റിംഗ് കോച്ചായി വിക്രം റാത്തോഡിനെയും ബൗളിംഗ് കോച്ചായി ഭരത് അരുണിനെയും സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബൗളിംഗ് പരിശീലകസ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടികയില്‍ രണ്ടാമനായി പരസ് മാബ്രെയും മൂന്നാമനായി വെങ്കിടേഷ് പ്രസാദുമാണ് എത്തിയത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ ഭിന്നതാല്‍പര്യമില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കുകയും ഇത് ബിസിസിഐ അംഗീകരിക്കുകയും ചെയ്താല്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കും.