മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ധോണി ഇടംപിടിക്കാതിരുന്നപ്പോള്‍ വിക്കറ്റ് കീപ്പറായി യുവതാരം ഋഷഭ് പന്തിനെ ടീം ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ധോണി ടീമില്‍ ഇടംപിടിക്കാതിരിക്കാനുള്ള കാരണം മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ് വ്യക്തമാക്കി. 

വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടി20യില്‍ നിന്ന് ധോണി സ്വയം വിട്ടുനില്‍ക്കുകയായിരുന്നു. ടീം തെരഞ്ഞെടുപ്പിനായി ധോണിയെ ലഭ്യമായിരുന്നില്ല എന്ന് പ്രസാദ് ഇന്ത്യ ടുഡേയോട് വ്യക്തമാക്കി. എന്നാല്‍ ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ധോണിക്കായി ബിസിസിഐ പദ്ധതിയിടുന്നത് എന്താണെന്ന് ഇപ്പോള്‍ വ്യക്തമല്ല. ലോകകപ്പ് കളിക്കണമെങ്കില്‍ അതിന് മുന്‍പ് ഫോമും ഫിറ്റ്‌നസും ധോണിക്ക് തെളിയിക്കേണ്ടതുണ്ട്. 

ധോണിയെ കൂടാതെ സ്‌പിന്‍ ദ്വയം കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ എന്നിവരെ പരിഗണിച്ചില്ല. വിശ്രമം അനുവദിച്ച ഭുവനേശ്വർ കുമാറിന് പകരം ഹർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തി. ജസ്‌പ്രീത് ബുമ്രയ്ക്കും വിശ്രമം അനുവദിച്ചു. വിൻഡീസിനെതിരെ കളിച്ച ടീമിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. നവദീപ് സെയ്നി, ദീപക് ചഹാർ, ഖലീൽ അഹമ്മദ് എന്നിവരാണ് ടീമിലെ പേസർമാർ. ജഡേജ, ക്രുനാൽ പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദർ, രാഹുൽ ചഹാർ എന്നിവരാണ് സ്‌പിന്നർമാർ.

മനീഷ് പാണ്ഡേ, ശ്രേയസ് അയ്യർ എന്നിവരും ടീമിൽ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. കെ എൽ രാഹുൽ, രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവരും ടീമിലുണ്ട്. വിരാട് കോലി നായകനായി തുടരും. സെപ്റ്റംബർ പതിനഞ്ചിന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.