മുൻനിര തകർന്നാൽ രക്ഷിക്കാൻ പൊള്ളാർഡ് ഉണ്ടല്ലോ എന്ന വിശ്വാസത്തിൽ മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഇനി കളി കാണാനാവില്ല. ആ വിടവ് ആരു നികത്തും എന്ന ചോദ്യമാണ് മിനി ലേലത്തിന് വന്നപ്പോൾ മുംബൈ നേരിട്ട പ്രധാന ചോദ്യം
കൊച്ചി: മുംബൈ ഇന്ത്യൻസിന് കീറോൺ പൊള്ളാർഡ് ആരായിരുന്നുവെന്നും തിരികെ പൊള്ളാർഡിന് മുംബൈ ഇന്ത്യൻസ് എന്തായിരുന്നുവെന്നും കൂടുതൽ പറയേണ്ട ആവശ്യമില്ലാത്ത അത്രയും സുപചരിതമായ കഥയാണ്. ഐപിഎല്ലിൽ ഒരു ടീമിന്റെ എല്ലാമെല്ലാമായി ഇത്രയും കാലം നിൽക്കുക എന്നത് മറ്റൊരു വിദേശ താരത്തിനും സാധിക്കാത്ത കാര്യമാണ്. ഇപ്പോൾ നീണ്ട കാലത്തിന് ശേഷം പൊള്ളാർഡ് ഇല്ലാത്ത ഒരു ഐപിഎല്ലിനാണ് മുംബൈ തയാറെടുക്കേണ്ടത്.
മുൻനിര തകർന്നാൽ രക്ഷിക്കാൻ പൊള്ളാർഡ് ഉണ്ടല്ലോ എന്ന വിശ്വാസത്തിൽ മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഇനി കളി കാണാനാവില്ല. ആ വിടവ് ആരു നികത്തും എന്നതാണ് മിനി ലേലത്തിന് വന്നപ്പോൾ മുംബൈ നേരിട്ട പ്രധാന ചോദ്യം. എന്നാൽ, കോടികൾ വാരിയെറിഞ്ഞ് കാമറൂൺ ഗ്രീൻ എന്ന ഉത്തരമാണ് മുംബൈ ആരാധകർക്ക് നൽകിയിരുന്നത്. ഓസ്ട്രേലിയൻ താരമായ കാമറൂൺ ഗ്രീൻ വലംകൈയ്യൻ ബാറ്ററും വലംകൈ ഫാസ്റ്റ് മീഡിയം ബൗളറുമാണ്.
എന്തായാലും പൊള്ളാർഡിന് പകരക്കാരനായി എത്തിക്കുമ്പോൾ ഗ്രീനിന് മുംബൈ വലിയ ഉത്തരവാദിത്വം കൂടിയാണ് നൽകുന്നത്. ഒപ്പം കാമറൂൺ ഗ്രീനിനായി വൻ തുകയും മുംബൈയി മുടക്കിയിട്ടുണ്ട്. 17.50 കോടി രൂപയാണ് ഗ്രീനിനായി മുംബൈ മുടക്കിയത്. ഗ്രീനിനായി മുംബൈ ഇന്ത്യൻസാണ് ആദ്യം വിളിച്ച് തുടങ്ങിയത്. ആദ്യം ആർസിബി കൂടെ വിളിച്ചെങ്കിലും ഏഴ് കോടി കടന്നതോടെ വിട്ടു.
പിന്നീട് ഡൽഹി ക്യാപിറ്റൽസുമായാണ് മുംബൈ ഗ്രീനിനായി മത്സരിച്ച് വിളിച്ചത്. മുംബൈ രണ്ടും കൽപ്പിച്ചായിരുന്നു. എതിർ ടീം കൂട്ടി വിളിച്ചാൽ അൽപ്പനേരം പോലും ആലോചിക്കാതെ തന്നെ കൂട്ടി വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ വില 17 കോടിയും കടന്നതോടെ ഡൽഹിയും ലേലത്തിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.
ശീലം പോലും മറന്ന് ചെന്നൈയുടെ മാസ്റ്റർ സ്ട്രോക്ക്; കോടികൾ വാരിയെറിഞ്ഞത് ഇതിഹാസ നായകന്റെ പകരക്കാരന്?
