തഴയപ്പെട്ടു കഴിഞ്ഞാൽ സാധാരണയായി ഏതെങ്കിലും ടൂർണമെന്‍റുകളിൽ കളിച്ച് ഫോം തെളിയിച്ചാണ് കളിക്കാർ തിരിച്ചെത്താറുള്ളത്. എന്നാൽ സഞ്ജുവിന്‍റെ കാര്യത്തിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20 മത്സരത്തിൽ സഞ്ജു സാംസൺ പരാജയപ്പെട്ടതിന് പിന്നാലെ താരത്തിന്‍റെ ടീമിലെ സ്ഥാനത്തെച്ചൊല്ലി വീണ്ടും ചോദ്യങ്ങളുയരുന്നു. അഫ്ഗാനിസ്ഥാനെതിരെ എട്ട് പന്തിൽ 10 റൺസെടുത്ത് സഞ്ജു പുറത്തായതോടെയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയത്.

ഇന്ത്യൻ ടീമിൽ നിന്ന് താത്കാലികമായി പുറത്താക്കപ്പെട്ടതിന് ശേഷം ഫോം തെളിയിക്കാൻ സഞ്ജു ആഭ്യന്തര മത്സരങ്ങളിലൊന്നും കളിച്ചിരുന്നില്ലെന്നും, എന്നിട്ടും അഫ്ഗാനെതിരായ ആദ്യ ഇലവനിൽ സഞ്ജു എങ്ങനെ നേരിട്ട് ഇടംപിടിച്ചുവെന്നും കൈഫ് ചോദിച്ചു. ഫോമിലുള്ള വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങളെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും കൈഫ് 'ക്രിക്ബസ്' ചർച്ചയിൽ ചോദ്യമുയർത്തി.

ടീമില്‍ നിന്ന് തഴയപ്പെട്ടു കഴിഞ്ഞാൽ സാധാരണയായി ഏതെങ്കിലും ടൂർണമെന്‍റുകളിൽ കളിച്ച് ഫോം തെളിയിച്ചാണ് കളിക്കാർ തിരിച്ചെത്താറുള്ളത്. എന്നാൽ സഞ്ജുവിന്‍റെ കാര്യത്തിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് സഞ്ജുവിന് അവസരം നൽകിയത്? സിംബാബ്‌വെ പരമ്പരയിൽ റൺസടിച്ച വൈഭവ് ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ചിന്തിക്കുന്നുണ്ടാകും. മികച്ച ഓപ്പണിംഗ് കോമ്പിനേഷൻ ഏതാണെന്ന കാര്യത്തിൽ ടീം മാനേജ്‌മെന്റിന് ഇപ്പോഴും വ്യക്തതയില്ലെന്നും കൈഫ് പറഞ്ഞു.

സിംബാബ്‌വെ പര്യടനത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരങ്ങളിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തിരിക്കേണ്ടി വരികയും ചെയ്ത സഞ്ജുവിന്‍റെ തിരിച്ചുവരവ് ടീമിന്‍റെ ഓപ്പണിംഗ് സഖ്യത്തെക്കുറിച്ച് വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. സഞ്ജു നിരാശപ്പെടുത്തിയെങ്കിലും അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന്‍റെ ആധികാരിക ജയം സ്വന്തമാക്കി പരമ്പരയില്‍ മുന്നിലെത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 14 ഓവറിൽ ഇന്ത്യ മറികടന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക