വീണ്ടും വീണ്ടും സർഫറാസ് തഴയപ്പെടുന്നതിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട് എന്ന് ബിസിസിഐ വൃത്തങ്ങള്‍
മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സർഫറാസ് ഖാന്‍റെ പേരില്ലാത്തത് വലിയ വിവാദമായിരുന്നു. ഐപിഎല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പല താരങ്ങളും ടീമില്‍ വരുമ്പോള്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി കഴിഞ്ഞ മൂന്ന് സീസണുകളില്‍ സ്ഥിതയാർന്ന പ്രകടനം കാഴ്ചവെച്ച ബാറ്ററായ സർഫറാസ് തഴയപ്പെടുകയായിരുന്നു. എന്തുകൊണ്ട് സർഫറാസിനെ സെലക്ടർമാർ കാണുന്നില്ല എന്ന ചോദ്യം സജീവമായിരിക്കേ നിർണായകമായൊരു സൂചന ബിസിസിഐ വൃത്തങ്ങളില്‍ നിന്നുതന്നെ പുറത്തുവന്നിരിക്കുകയാണ്. ഫിറ്റ്നസില്ലായ്മയും മൈതാനത്തെ മോശം പ്രവർത്തികളും താരത്തിന് തിരിച്ചടിയായി എന്നാണ് വാർത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.
വന്‍ വെളിപ്പെടുത്തല്‍
വീണ്ടും സർഫറാസ് തഴയപ്പെടുന്നതിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. രഞ്ജിയില്‍ തുടർച്ചയായ മൂന്ന് സീസണുകളില്‍ 900+ റണ്‍സ് നേടിയൊരു താരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ മണ്ടന്‍മാരാണോ സെലക്ടർമാർ. താരത്തെ ടീമിലെടുക്കാത്തതിന് ഒരു കാരണം ഫിറ്റ്നസാണ്. സർഫറാസിന് അന്താരാഷ്ട്ര നിലവാരത്തിനുള്ള ഫിറ്റ്നസില്ല. ഫിറ്റ്നസ് മെച്ചപ്പെടുത്താന്‍ സർഫറാസ് ഖാന്‍ കഠിന പ്രയത്നം നടത്തണം. ചിലപ്പോള്‍ ഭാരം കുറയ്ക്കുകയും കൂടുതല്‍ ഫിറ്റാവുകയും വേണം. ഫിറ്റ്നസ് സെലക്ഷന് ഒരു മാനദണ്ഡമാണ്. മൈതാനത്തും പുറത്തുമുള്ള സർഫറാസിന്‍റെ പെരുമാറ്റം അത്ര മികച്ചതല്ല. അദേഹത്തിന്‍റെ ചില പെരുമാറ്റങ്ങളും ആംഗ്യങ്ങളും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കുറച്ച് കൂടി അച്ചടക്കം താരം കാട്ടണം. ഇക്കാര്യത്തില്‍ സർഫറാസ് പിതാവും പരിശീലകനുമായ നൗഷാദ് ഖാനൊപ്പം വേണ്ടത് ചെയ്യും എന്നാണ് പ്രതീക്ഷ. ക്രിക്കറ്റ് മാത്രമല്ല സർഫറാസിനെ പരിഗണിക്കാതിരിക്കാന്‍ കാരണം. അയാളുടെ ഐപിഎല്‍ കണക്കുകള്‍ പരിഗണിക്കേണ്ട കാര്യമില്ല. മായങ്ക് അഗർവാളും ഹനുമ വിഹാരിയുമൊക്കെ ആഭ്യന്തര ക്രിക്കറ്റിലെയും എ ടീമിലേയും ഫോം വച്ച് സീനിയർ ടീമില്‍ എത്തിയവരാണ് എന്നും പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉന്നതന്‍ പിടിഐയോട് പറഞ്ഞു.
ഈ വർഷാദ്യം രഞ്ജി ട്രോഫിയില്‍ ദില്ലിക്കെതിരെ സെഞ്ചുറി നേടിയ ശേഷം സർഫറാസ് ഖാന്‍ നടത്തിയ ആഘോഷമാണ് താരത്തിന് തിരിച്ചടിയായത് എന്നാണ് സൂചന. അന്നത്തെ മുഖ്യ സെലക്ടർ ചേതന്‍ ശർമ്മ ഗ്യാലറിയിലിരിക്കേ സെഞ്ചുറിക്ക് ശേഷം വിരല്‍ചൂണ്ടി ആഘോഷം നടത്തിയിരുന്നു സർഫറാസ്. 2022ലെ രഞ്ജി ഫൈനലിടെ മധ്യപ്രദേശ് കോച്ചുമായുള്ള പ്രശ്നവും സർഫറാസിന് വില്ലനായി എന്നാണ് സൂചനകള്‍.
കണക്കുകള്‍ ഗംഭീരം
വിന്‍ഡീസിനെതിരെ തഴയപ്പെട്ട ശേഷം തന്‍റെ കണക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് സെലക്ടർമാർക്ക് മറുപടി നല്‍കിയിരുന്നു സർഫറാസ് ഖാന്‍. കഴിഞ്ഞ മൂന്ന് രഞ്ജി സീസണുകളായി 2566 റണ്‍സ് അടിച്ചുകൂട്ടിയിട്ടും താരം ഇന്ത്യന്‍ ടീമിലെത്താതിരിക്കുകയായിരുന്നു. 2019-2020 രഞ്ജി സീസണില്‍ 154 റണ്‍സ് ശരാശരിയില്‍ 928 റണ്‍സും അടുത്ത സീസണില്‍ 122.75 ശരാശരിയില്‍ 982 റണ്‍സും അടിച്ച സര്‍ഫറാസ് 2022-23 സീസണില്‍ മൂന്ന് സെഞ്ചുറി അടക്കം 556 റണ്‍സ് നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാകെ കളിച്ച 35 മത്സരങ്ങളില്‍ 13 സെഞ്ചുറി അടക്കം 79.65 ശരാശരിയില്‍ 3505 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്. എന്നിട്ടും താരത്തെ ടീമിലെടുക്കാത്തതിനെ ചോദ്യം ചെയ്ത് സുനില്‍ ഗവാസ്കർ അടക്കം രംഗത്തെത്തിയിരുന്നു.

