നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ഗില്‍ പിടിച്ചാല്‍ കിട്ടാത്ത ഫോമിലാണ്. ഇതുവരെ 13 ടെസ്റ്റുകളാണ് ഗില്‍ കളിച്ചത്. 736 റണ്‍സാണ് യുവതാരത്തിന്റെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.
ഇന്‍ഡോര്‍: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിക്കഴിഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ നാല് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. മൂന്നാം ടെസ്റ്റ് നാളെ ഇന്‍ഡോറില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ പ്രധാന തലവേദന കെ എല്‍ രാഹുലിന്റെ സ്ഥാനമാണ്. മോശം ഫോമില്‍ കളിക്കുന്ന രാഹുലിന്റെ സ്ഥാനത്തിന് ഭീഷണിയുണ്ട്. ഇതിനൊടകം രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി. രാഹുലിന് പകരം ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നുക്കഴിഞ്ഞു. 2020ന് ശേഷം 11 ടെസ്റ്റില്‍ നിന്ന് 30.28 ശരാശരി മാത്രമാണ് രാഹുലിനുള്ളത്. 2021 ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ ശേഷം രാഹുലിന് മൂന്നക്കം കാണാനായിട്ടില്ല. മറുവശത്ത് ഗില്ലാവട്ടെ മികച്ച ഫോമിലും. രാഹുലിന് പകരം ഗില്ലിനെ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതില്‍ കാരണങ്ങളുണ്ട്. അക്കാരണങ്ങള്‍ പരിശോധിക്കാം...
അതിലൊന്ന് ടെസ്റ്റ് ഫോര്‍മാറ്റില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഫോം തന്നെയാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ഗില്‍ പിടിച്ചാല്‍ കിട്ടാത്ത ഫോമിലാണ്. ഇതുവരെ 13 ടെസ്റ്റുകളാണ് ഗില്‍ കളിച്ചത്. 736 റണ്‍സാണ് യുവതാരത്തിന്റെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിനെതിരെയാണ് ഗില്‍ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയത്. 21 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഗില്‍ നാല് സെഞ്ചുറി സ്വന്തമാക്കി. അതിനലൊന്ന് ഇരട്ട സെഞ്ചുറിയായിരുന്നു. ടി20 ഗില്‍ ഒരു സെഞ്ചുറി നേടിയിട്ടുണ്ട്. ഇതെല്ലാം അടുത്ത കാലത്താണ്. ഈ ഫോം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും തുടരാന്‍ ഗില്ലിനാവും.
മറ്റൊരു കാരണം രാഹുലിന്റെ മോശം പ്രകടനം തന്നെ. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ഇന്നിംഗ്‌സുകളാണ് രാഹുല്‍ കളിച്ചത്. 20, 17, 1 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്‌കോറുകള്‍. 30കാരന്റെ ഫോമിനെ ചൊല്ലി മുന്‍ താരങ്ങള്‍ക്ക് രണ്ടഭിപ്രായമുണ്ട്. മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. നിലവില്‍ ഇന്ത്യയിലെ മോശം ഓപ്പമര്‍മാരില്‍ ഒരാളാണ് രാഹുലെന്ന് പ്രസാദ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ്, ആകാശ് ചോപ്ര എന്നിവര്‍ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തി.
രാഹുലിന് ഒരു ഇടവേള അത്യാവശ്യമാണെന്നുള്ളതാണ് മറ്റൊരു. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കും. ഇക്കാര്യം പറഞ്ഞത് വെറ്ററന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തികാണ്. ഇക്കാലയളവില്‍ ശുഭ്മാന്‍ ഗില്ലിനെ വളര്‍ത്തിയെടുക്കാനും ഇന്ത്യക്ക് സാധിക്കുമെന്ന് കാര്‍ത്തിക് പറയുന്നു.
