Asianet News MalayalamAsianet News Malayalam

സൂക്ഷിച്ചുനോക്കേണ്ട, അത് ദക്ഷിണാഫ്രിക്ക തന്നെ; പച്ചക്ക് പകരം ദക്ഷണാഫ്രിക്ക പിങ്ക് ജേഴ്സി ധരിക്കാൻ കാരണം ഇതാണ്

പിങ്ക് ജേഴ്സി ധരിച്ച് ദക്ഷിണാഫ്രിക്ക ഇതുവരെ 11 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഒമ്പതിലും ടീം ജയിച്ചു. 2015ല്‍ പിങ്ക് ജേഴ്സിയില്‍ കളിച്ച മത്സരത്തിലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ എ ബി ഡിവില്ലിയേഴ്സ് 31 പന്തില്‍ സെഞ്ചുറി അടിച്ച് ലോക റെക്കോര്‍ഡിട്ടത്.

Why South Africa wearing Pink Jersy Today, Explained
Author
First Published Dec 17, 2023, 2:18 PM IST

ജൊഹാനസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഗ്രൗണ്ടിലിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ജേഴ്സി കണ്ട് ആരധകര്‍ ഒന്ന് അമ്പരന്നിട്ടുണ്ടാകും. പരമ്പരാഗതമായി പച്ചയും മഞ്ഞയും നിറങ്ങളുള്ള ജേഴ്സി ധരിച്ചിറങ്ങാറുള്ള ദക്ഷിണാഫ്രിക്ക ഇന്ന് ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തിനിറങ്ങിയത് പിങ്ക് ജേഴ്സി ധരിച്ചായിരുന്നു. ഇരു ടീമിലും പതിവുമുഖങ്ങളില്‍ പലരും ഇല്ലാതിരുന്നതോടെ മത്സരം മാറിപ്പോയോ എന്നുവരെ ഒരുവേള ആരാധകര്‍ ശങ്കിച്ചു കാണും.

എന്നാല്‍ ദക്ഷിണാഫ്രിക്ക വെറുതെ ഒരു രസത്തിന് വേണ്ട് ജേഴ്സി മാറ്റിയതല്ലെന്നാണ് വസ്തുത. സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഇന്ന് പിങ്ക് ജേഴ്സി ധരിച്ച് ഗ്രൗണ്ടിലിറങ്ങിയത്. മത്സരത്തില്‍ നിന്നുള്ള വരുമാനം സ്തനാര്‍ബുദ ബോധവല്‍ക്കരണ, പ്രചാരണ പരിപാടികള്‍ക്കായാണ് ക്രിക്കറ്റഅ സൗത്താഫ്രിക്ക മാറ്റിവെക്കുക. ദക്ഷിണാഫ്രിക്കയില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗമാണ് സ്തനാര്‍ബുദമെന്നും ഇതിനെതിരെ ബോധവല്‍ക്കരണം നടത്തുക എന്നത് തങ്ങളുടെ കര്‍ത്തവ്യമാണെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക സിഇഒ ഫോളെറ്റ്സ്കി മോസെകി പറഞ്ഞു.

പിങ്കില്‍ ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടാന്‍ പാടുപെടും

പിങ്ക് ജേഴ്സി ധരിച്ച് ദക്ഷിണാഫ്രിക്ക ഇതുവരെ 11 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഒമ്പതിലും ടീം ജയിച്ചു. 2015ല്‍ പിങ്ക് ജേഴ്സിയില്‍ കളിച്ച മത്സരത്തിലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ എ ബി ഡിവില്ലിയേഴ്സ് 31 പന്തില്‍ സെഞ്ചുറി അടിച്ച് ലോക റെക്കോര്‍ഡിട്ടത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ നാലും അഞ്ചും പന്തുകളില്‍ അര്‍ഷ്ദീപ് സിംഗ് റീസ ഹെന്‍ഡ്രിക്സിനെയും റാസി വാന്‍ഡര്‍ ദസനെയും മടക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ തുടക്കത്തിലെ ദക്ഷിണാഫ്രിക്ക പതറിയെങ്കിലും ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും ടോണി ഡെ സോര്‍സിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ അവരെ കരകയറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios